മുംബൈ: ഏറ്റവും മികച്ച അച്ഛനായിരുന്നു അദ്ദേഹം, വളരെ സ്നേഹമയിയായ ഒരു ജീവിത പങ്കാളിയും സുഹൃത്തുമായിരുന്നു...അന്തരിച്ച ബോളിവുഡ് താരം ധർമേന്ദ്രയെ അനുസ്മരിച്ച് ഭാര്യ ഹേമമാലിനിയുടെ കുറിപ്പാണിത്. ധർമേന്ദ്ര മരിച്ച് മൂന്നുദിവസം കഴിഞ്ഞാണ് ഹേമമാലിനി ധർമേന്ദ്രയെ കുറിച്ച് എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഏതുനിമിഷവും നമുക്ക് ഒപ്പമുണ്ടാവണം എന്നാഗ്രഹിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച സുഹൃത്ത്, പിതാവ്, ജീവിത പങ്കാളി....അദ്ദേഹത്തെ എങ്ങനെ വിശേഷിപ്പിച്ചാലും അത് മതിയാകില്ലെന്നും ഹേമ മാലിനി കുറിച്ചു
''ധരം ജീ...
എന്നെ സംബന്ധിച്ച് അദ്ദേഹം എന്തൊക്കെയോ ആയിരുന്നു. സ്നേഹമയിയായ ഭർത്താവ്, ഞങ്ങളുടെ പെൺമക്കളായ ഇഷയുടെയും അഹാനയുടെയും വാൽസല്യനിധിയായ പിതാവ്, സുഹൃത്ത്, ഫിലോസഫർ, വഴികാട്ടി, കവി...അങ്ങനെയങ്ങനെ...എല്ലാ അനിവാര്യ ഘട്ടങ്ങളിലും എന്റെ കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ...എന്നെ സംബന്ധിച്ച് എല്ലാമായിരുന്നു അദ്ദേഹം. നല്ല സമയങ്ങളിലൂടെയും മോശം സമയങ്ങളിലൂടെയും എപ്പോഴും കടന്നുപോയിട്ടുണ്ട്. എളിമയും സൗഹൃദവും നിറഞ്ഞ പെരുമാറ്റത്തിലൂടെയും എപ്പോഴും വാത്സല്യവും താൽപ്പര്യവും പ്രകടിപ്പിച്ചുകൊണ്ടും അദ്ദേഹം എന്റെ കുടുംബാംഗങ്ങളെയെല്ലാം ആകർഷിച്ചു.
അദ്ദേഹത്തിന്റെ വിനയവും കഴിവും ആളുകൾക്കിടയിൽ ഏറെ ജനകീയനാക്കി. സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റം മറ്റുള്ളവർക്കിടയിൽ വേറിട്ടു നിർത്തി. സിനിമ രംഗത്ത് അദ്ദേഹം കൈവരിച്ചിട്ടുളള നേട്ടങ്ങളും പ്രശസ്തിയും എക്കാലവും നിലനിൽക്കും. വ്യക്തിപരമായുള്ള എന്റെ നഷ്ടം എന്താണെന്ന് ഒരിക്കലും വിവരിക്കാൻ കഴിയില്ല. ആ ശൂന്യത എന്റെ ജീവിതാവസാനം വരെ നിലനിൽക്കും. ഒന്നിച്ചുണ്ടായിരുന്ന ഒരുപാടു വർഷങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത സ്മരണകൾ മാത്രം ബാക്കിയാകുന്നു''.
ബോളിവുഡിലെ ഇതിഹാസതാരമായിരുന്ന ധർമേന്ദ്ര തിങ്കളാഴ്ചരാവിലെയാണ് വിടവാങ്ങിയത്. 90ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിൽ തിളക്കമാർന്ന അധ്യായം എഴുതിച്ചേർത്താണ് അദ്ദേഹത്തിന്റെ മടക്കം.
വൈൽ പാർലിലെ പവൻ ഹാൻസ് ശ്മശാനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, ഷാറൂഖ് ഖാൻ, ഗോവിന്ദ, രൺവീർ സിങ്,ദീപിക പദുക്കോൺതുടങ്ങിയ വൻതാര നിരതന്നെ അദ്ദേഹത്തിന്റെ അന്താഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. ബോളിവുഡിലെ ഹീ മാൻ എന്നാണ് ധർമേന്ദ്ര അഭിപ്രായപ്പെട്ടത്. കുറച്ചുകാലമായി സുഖമില്ലാതിരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 10നാണ് അദ്ദേഹത്തെ ശ്വാസതടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുദിവസത്തിനു ശേഷം ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ വെച്ച് ചികിത്സ തുടർന്നുവെങ്കിലും നവംബർ 24നാണ് അദ്ദേഹം മടങ്ങി. പ്രകാശ കൗർ ആണ് ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ നാലു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.