'ആട് 3' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകൻ ആശുപത്രിയിൽ. തോള്‍ എല്ലിന് പരിക്കേറ്റതായാണ് വിവരം. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.
ആട്, ആട് 2 എന്നിവ വലിയ ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചത്. വിജയ് ബാബു തന്‍റെ സമൂഹമാധ്യമത്തിലൂടെ ആട് 3 ഒരു ടൈം ട്രാവൽ ചിത്രമാണെന്ന സൂചന നൽകിയിരുന്നു. 2026 മാര്‍ച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
ഫാന്‍റസി, ഹ്യൂമർ ഴോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണമെന്ന് ചിത്രത്തിന്‍റെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് പൂജ ചടങ്ങിൽ സൂചിപ്പിച്ചിരുന്നു. കൂടാതെ ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടെന്നും മിഥുൻ പറഞ്ഞു.
ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, അജു വർഗീസ്, ഇന്ദ്രൻസ്, ധർമജൻ ബൊൾ ഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണിരാജൻ പി.ദേവ് എന്നിവരെല്ലാം ആടിലെ പ്രധാന കഥാപാത്രങ്ങളാണ്. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം -അഖിൽ ജോർജ്, എഡിറ്റിങ് -ലിജോ പോൾ, കലാസംവിധാനം -അനീസ് നാടോടി എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.