'കോമഡി മാത്രം ചെയ്യരുതെന്ന് അടുപ്പമുള്ളവർ പറഞ്ഞുകൊണ്ടിരുന്നു’; ബോക്സ് ഓഫിസ് പരാജയങ്ങളെക്കുറിച്ച് നിവിൻ പോളി

തന്റെ ഹൊറർ-കോമഡി ചിത്രമായ സർവ്വം മായയുമായി ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ് നിവിൻ പോളി. അഖിൽ സത്യമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, തന്‍റെ സമീപകാലത്തെ സിനിമ തെരഞ്ഞെടുപ്പുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. അജു വർഗീസിനൊപ്പം പേളി മാണിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നിവിൻ.

'ഞാൻ വെറും എന്‍റർടെയ്‌നർ സിനിമകൾ മാത്രം ചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്ന് എന്റെ സുഹൃത്തുക്കളും അടുപ്പമുള്ള ആളുകളും പറഞ്ഞുകൊണ്ടിരുന്നു. ഒരു നടൻ എന്ന നിലയിൽ മറ്റുള്ളവരെപ്പോലെ മെച്ചപ്പെടണമെന്നും. കോമഡി സിനിമകൾ മാത്രമാണെങ്കിൽ പ്രേക്ഷകർ ചിലപ്പോൾ മറക്കുമെന്ന് അവർ പറഞ്ഞു. അവർ പറഞ്ഞത് ശരിയാണോ എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ പല തരത്തിലുള്ള പരീക്ഷിച്ചു നോക്കി' -നിവിൻ പോളി പറഞ്ഞു. അങ്ങനെ താൻ മറ്റ് സിനിമകൾ തെരഞ്ഞെടുത്തപ്പോൾ അതേ ആളുകൾ തന്നെ തന്‍റെ കോമഡി സിനിമകൾ മിസ് ചെയ്യുന്നതായി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. രണ്ട് തരം സിനിമകളും ചെയ്യേണ്ടതുണ്ടെന്നാണ് ആ യാത്രയിൽ മനസിലായതെന്ന് നിവിൻ പറഞ്ഞു.

ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനാണ് സർവ്വം മായയിലൂടെ നിവിൻ പോളി-അജു വർഗീസ് കോമ്പോ വീണ്ടും ഒന്നിക്കുന്നത്. ചിത്രം ക്രിസ്മസ് ദിനമായ ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. ഈയിടെ പുറത്തിറങ്ങിയ ‘സർവ്വം മായ’യുടെ ഒഫിഷ്യൽ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്.

നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ്‌ പലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ശരൺ വേലായുധന്റെ കാമറ, അഖിൽ സത്യൻ എഡിറ്റിങ് വിഭാഗം എന്നിവ കൈകാര്യം ചെയ്യും. 

Tags:    
News Summary - Nivin Pauly opens up on box office flops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.