‘ശ്രീനി പോയി, ഇത്‌ മാത്രം പറഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു, ഏറ്റവും വലിയ വേദനയാണ്‌ കഴിഞ്ഞ മൂന്നു മണിക്കൂറിൽ അനുഭവിച്ചതെന്ന് ശ്രീനിയങ്കിൾ അന്ന് പറഞ്ഞു’; വൈകാരിക കുറിപ്പുമായി അനൂപ് സത്യൻ

കണ്ണൂരുകാരൻ ശ്രീനിവാസനും അന്തിക്കാടുകാരൻ സത്യനും ഒരേ ജീവിതസാഹചര്യത്തിൽ വളർന്നവരാണെങ്കിലും പുറമേക്ക് സമാനതകൾ കുറവാണ്. എന്തും വെട്ടിത്തുറന്ന് പറഞ്ഞ് ശത്രുക്കളെ ഉണ്ടാക്കിയെടുക്കാൻ ശ്രീനിവാസൻ മിടുക്കനായിരുന്നെങ്കിൽ പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കുന്നതാണ് സത്യൻ അന്തിക്കാടിന്റെ ശീലം. എല്ലാവര്‍ക്കും അറിയാവുന്നതാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധം. ഇരുവരും മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. സിനിമക്ക് പുറത്തും വലിയ സൗഹൃദമാണ് ഇരുവരും കാത്തുസൂക്ഷിച്ചിരുന്നത്.

അഞ്ച് പതിറ്റാണ്ടിനടുത്ത് മലയാള സിനിമയുടെ വ്യാകരണവും മലയാളി പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ വേറിട്ടുനിന്നു. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാൻ യാത്രയാക്കിയപ്പോൾ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ സത്യൻ അന്തിക്കാട് കടലാസും പേനയും ചിതയിൽ വെച്ചാണ് വിട പറഞ്ഞത്. 'എന്നും എല്ലാവർക്കും നന്മകൾ നേരുന്നു' എന്ന് കുറിച്ച കടലാസും പേനയും മകൻ ധ്യാനാണ് സത്യൻ അന്തിക്കാടിന് കൈമാറിയതും ചിതയിൽ വെക്കാൻ ആവശ്യപ്പെട്ടതും. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യന്‍റെ വാക്കുകളാണ് സോഷ്യലിടത്തിൽ വേദനയാകുന്നത്. ഹൃദയം തൊടുന്ന കുറിപ്പാണ് അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കുറിപ്പിന്‍റെ പൂർണരൂപം

"ശ്രീനി പോയി". ഇത്‌ മാത്രം പറഞ്ഞ്‌ ഒരു സെക്കന്റ്‌ കഴിഞ്ഞ്‌ അഛൻ ഫോൺ കട്ട്‌ ചെയ്തു. ഈയിടെ പെട്ടെന്നെങ്ങാനും ശ്രീനിയങ്കിൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അഛന്റെ കോൾ വരാറുണ്ട്‌. "ഒന്നു പോയി നോക്കു" എന്ന് പറഞ്ഞ്‌. ഞാൻ പോകും. വിമലാന്റിയെ കാണും. ആന്റി "ഇപ്പൊ കുഴപ്പമൊന്നുമില്ല" എന്ന് പറഞ്ഞു എന്നെ അങ്കിളിന്റെ അടുത്ത്‌ കൊണ്ടു പോകും. ഞാൻ അഛൻ പറഞ്ഞോർമ്മയുള്ള അവരുടെ പഴയ കഥകളെന്തെങ്കിലും പറഞ്ഞിരിക്കും. തിരിച്ചു പോകുന്ന വഴി അഛനെ വിളിച്ച്‌ അന്നത്തെ കാര്യം പറയും. ക്ഷീണമുണ്ട്‌. പക്ഷെ അങ്കിൾ ഓക്കെയാണ്‌. വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടപ്പോൾ, കറക്റ്റ്‌ ടൈമിൽ ബ്ലഡ്‌ എടുക്കാൻ വന്ന നഴ്സിനെ പിടിച്ചു നിർത്തി എനിക്ക്‌ കല്ല്യാണം ആലോചിച്ചു. നഴ്സിനും എനിക്കും നാണം വന്നു." അഛൻ ചിരിച്ചു കൊണ്ട് ഇത്‌ പോലെയുള്ള മറ്റൊരു സംഭവം പറയും. ‌

ഈ സമയത്താണ്‌ ഞാൻ ഏറ്റവും കൂടുതൽ ശ്രീനിയങ്കിളിന്റെ കൂടെയിരുന്നിട്ടുള്ളത്‌. അഛന്റെ കൂടെ ഉദയം പേരൂർ ഉള്ള വീട്ടിൽ വെച്ചും,‌ പിന്നെ ഹോസ്പിറ്റലിൽ ആകുന്ന സമയങ്ങളിലും. ആരോഗ്യം മോശമായ കാലമാണ്‌, സംസാരിക്കുന്നത്‌ ബുദ്‌ധിമുട്ടിയാണ്‌. പക്ഷേ ചില കാര്യങ്ങളും കഥകളും അങ്കിൾ ഓർത്തെടുത്ത്‌ പറയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്‌, ഈ സ്ട്രോക്കിനും ഹാർട്ട്‌ ഇഷ്യൂസിനും പിടി കൊടുക്കാത്ത ഒരു ശ്രീനിവാസൻ ഇപ്പോഴും മുന്നിലിരിക്കുന്നയാളിലുണ്ടെന്ന്.

രണ്ടാഴ്ച്ച മുൻപാണ്‌ ഞാൻ അവസാനമായി അങ്കിളിനെ കണ്ടത്‌. ഒന്നു വീണപ്പോൾ കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി അഡ്മിറ്റായതാണ്‌. സ്നേഹം ഒരു ഡിസ്റ്റൻസിൽ കാണിക്കുന്നയാളാണ്‌. പക്ഷേ അന്ന് ഞാൻ അടുത്തിരുന്നപ്പോൾ എന്റെ കൈ പിടിച്ചിരുന്നാണ്‌ സംസാരിച്ചത്‌. "ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും വലിയ വേദനയാണ്‌, കഴിഞ്ഞ മൂന്നു മണിക്കൂറിൽ ഞാൻ അനുഭവിച്ചത്‌" എന്നു പറഞ്ഞു.

അതിനി ഉണ്ടാവില്ലല്ലോ എന്നു സ്വയം പറഞ്ഞ്‌ ഞാൻ ഇപ്പോൾ സമാധാനിക്കുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ക്രിപ്റ്റ്‌ റൈറ്റർ ശ്രീനിയങ്കിളാണ്‌. എന്റെ ആദ്യ സിനിമ ഞാൻ എഴുതിയത്‌ അദ്ദേഹത്തിന്റെ ഒരു സ്ക്രിപ്റ്റ്‌ ബുക്ക്‌ അപ്പുറത്ത്‌ തുറന്നു വെച്ചിട്ടാണ്‌. ഏറ്റവും കൂടുതൽ അറിയുന്നത്‌ അഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത്‌ ഉള്ള ശ്രീനിവാസനെയാണ്‌.

ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്‌. അതോർത്തെടുത്ത്‌ പറയാൻ അഛനൊരു സെക്കന്റ്‌ മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ...

"ശ്രീനി പോയി"..... അതിന്റെ കൂടെ പറയാൻ വേറൊന്നും ഇല്ല.

#SreeniUncle ♥️

Tags:    
News Summary - Anoop Sathyan facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.