എല്ലാമനുഷ്യർക്കും അവരുടെ പെഴ്സണൽ സ്പെയിസ് വളരെ പ്രധാനപ്പെട്ടതാണ്. അതിന് സെലിബ്രിറ്റികളെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ല. എന്നാൽ അത് മനസിലാക്കാതെയാണ് പലപ്പോഴും ആരാധകരെന്ന് അവകാശപ്പെടുന്നവർ പെരുമാറുന്നത്. ഈയിടെ, ഒരു പരിപാടിയിൽ നടി നിധി അഗർവാളിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായത് വാർത്തയായിരുന്നു. ഇപ്പോഴിതാ, ഹൈദരാബാദിൽ ഒരു സാരി ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ നടി സാമന്ത റൂത്ത് പ്രഭുവും സമാനമായ അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്.
ജൂബിലി ഹിൽസിൽ നടന്ന സിരിമല്ലെ സാരീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. കാറിന് അടുത്തേക്ക് നടന്ന നടിയെ ആരാധകർ വളഞ്ഞു. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരാധകർ എന്തുകൊണ്ടാണ് അതിരുകൾ മനസ്സിലാക്കാത്തതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. നടിയുടെ വഴിയിൽ ആളുകൾ വരുന്നത് തടയാൻ സുരക്ഷ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുന്നത് വിഡിയോയിൽ കാണാം.
ഡിസംബർ 17ന് ഹൈദരാബാദിലെ ഒരു മാളിൽ നടന്ന പരിപാടിക്കിടെ നടി നിധി അഗർവാളിന് ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നത്. 'ദി രാജാ സാബ്' എന്ന ചിത്രത്തിലെ 'സഹാന സഹാന' എന്ന ഗാനത്തിന്റെ ലോഞ്ച് ചടങ്ങ് കഴിഞ്ഞ് മടങ്ങവേയാണ് ജനക്കൂട്ടം നടിയെ വളഞ്ഞത്. ആരാധകർ താരത്തെ അടുത്തുകാണാനും തൊടാനും ശ്രമിച്ചതോടെ സാഹചര്യം വഷളാകുകയായിരുന്നു. നിധി അഗർവാൾ തന്റെ കാറിൽ കയറാൻ പാടുപെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സുരക്ഷ സംഘത്തിന്‍റെ അകമ്പടി ഉണ്ടായിട്ടും ജനം നടിയെ ആക്രമിക്കാൻ ശ്രമിച്ചു. നിധിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെൽഫി എടുക്കാനുമെല്ലാം ആൾക്കൂട്ടത്തിലുള്ളവർ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. താരത്തോട് മോശമായി പെരുമാറിയ ആരാധകർക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. നിരവധിപ്പേരാണ് ഈ ആൾക്കൂട്ട അതിക്രമത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.