റാപ്പർ ബാദ്ഷാ തന്റെ റോളക്സ് വാച്ച് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ
അത്യാഡംബരവും അത്യപൂർവവുമായ വാച്ചുകൾ സ്വന്തമായുള്ള താരനിരകളിലേക്ക് ഇടം പിടിച്ച് ഇന്ത്യൻ റാപ് ഗായകൻ ബാദ്ഷാ. ആഡംബരത്തോടുള്ള അഭിനിവേശത്തിന് പ്രശസ്തനായ റാപ് ഗായകൻ സംഗീതത്തോട് മാത്രമല്ല തന്റെ അത്യാഡംബര ജീവിതരീതിക്കും വേണ്ടി കോടികളാണ് ചെലവഴിക്കുന്നത്. ലോകത്തിൽ ആകെ ഒമ്പതുപേരുടെ കൈവശമുള്ള അപൂർവമായ പിങ്ക് ബാർബി റോളക്സ് വാച്ച് സ്വന്തമാക്കി ആദ്യ ഇന്ത്യക്കാരനും പത്താമനുമായിരിക്കുകയാണ് ബാദ്ഷാ.
പിങ്ക് ബാർബി ഡേറ്റോണ റോളക്സ് ധരിച്ചിരിക്കുന്ന ഇന്ത്യൻ ഐഡലിന്റെ സെറ്റുകളിൽ നിന്നുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ട് ബാദ്ഷാ തന്റെ ഏറ്റവും പുതിയ ആഡംബര വാച്ച് ഇൻസ്റ്റഗ്രാമിൽ പ്രദർശിപ്പിച്ചു. തന്റെ ട്രേഡ്‌മാർക്ക് ആയ സ്വാഗിനൊപ്പം, രസകരമായ റാപ്പ് അടിക്കുറിപ്പോടെയാണ് അദ്ദേഹം വാച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഈ ഡേറ്റോണ വാച്ചിൽ ഏകദേശം 40 പിങ്ക് കട്ട് ഇന്ദ്രനീലക്കല്ലുകൾ പതിച്ച ഒരു ബെസലും, ഡയലിൽ പരമ്പരാഗത മണിക്കൂർ സൂചിപ്പിക്കുന്നതിന് 12 പിങ്ക് കട്ട് ഇന്ദ്രനീലക്കല്ലുകളും ചേർത്തിരിക്കുന്നു.പിങ്ക് നിറത്തിലെ തുകൽ സ്ട്രാപ്പും കൂടി ചേർത്തിരിക്കുന്നു. കാഴ്ചയിലെ ഇതിന്റെ തിളക്കമുള്ള പിങ്ക് നിറമാണ് ഈ വാച്ച് ശേഖരിക്കുന്നവർക്കിടയിൽ ‘ബാർബി’ എന്ന വിളിപ്പേര് നേടിക്കൊടുത്തത്.
ലോകത്തിലെ ഏറ്റവും മികച്ച ക്രോണോഗ്രാഫ് വാച്ചും ഇതാണ്. എന്നിരുന്നാലും റോളക്സ് ഔദ്യോഗികമായി അവരുടെ പട്ടികയിൽപെടുത്തിയിട്ടില്ലെന്നത് ഇതിനെ കൂടുതൽ അപൂർവമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, 1963 ൽ ആരംഭിച്ച പ്രശസ്തമായ ഡേറ്റോണ കുടുംബത്തിന്റെ ഭാഗമാണിത്.
ഇതിന്റെ ചില്ലറ വിൽപന വില ഇന്ത്യൻ രൂപ 3.56 കോടിയാണ്, എന്നാൽ വിപണിയിലെ ക്ഷാമവും വെബ്സൈറ്റുകളിലൊന്നും ലഭ്യമല്ലാത്തതും വിപണി മൂല്യം ഏകദേശം 9.02 കോടി രൂപയിലെ ത്തിച്ചിരിക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും വിലയേറിയതും ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നതുമായ റോളക്സ് വാച്ചുകളിൽ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ലോകത്താകെയുള്ള റോളക്സ് ഉപയോക്താക്കളുടെ മുന്നിലേക്കെത്തിയ അപൂർവ വാച്ച് സ്വന്തമാക്കിയതോടെ ഇപ്പോൾ
ബാദ്ഷ ആഗോള റോളക്സ് ഉടമസ്ഥരുടെ ക്ലബ്ബിൽ അംഗമായി. ലയണൽ മെസ്സി, ഡ്രേക്ക്, മാർക്ക് വാൽബർഗ്, ഷായ് ഗിൽജിയസ്-അലക്സാണ്ടർ, മിർക്ക ഫെഡറർ, കരോലിൻ വോസ്നിയാക്കി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും റോളക്സ് ബാർബി ഡേറ്റോണ വാച്ച് സ്വന്തമാക്കിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.