സൂര്യനും മഴക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല, നമ്മള്‍ ഒന്നിച്ചുജീവിക്കേണ്ടവരാണ്, മനുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം -മമ്മൂട്ടി

കൊച്ചി: ലോകമുണ്ടായ കാലം മുതല്‍ നമ്മള്‍ പറയുന്നത് പരസ്പര സ്നേഹത്തെക്കുറിച്ചാണെന്നും നുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്നും നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.

സൂര്യനും മഴക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല, രോഗങ്ങള്‍ക്കുമില്ല. എന്നാല്‍ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തന്നെയാണെന്നാണ് എന്‍റെ വിശ്വാസമെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകൾ: നമ്മള്‍ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്നത്. പക്ഷേ എനിക്ക് തോന്നുന്നത് മതങ്ങളെ നമ്മള്‍ ഉദ്ദരിക്കേണ്ട. നമ്മള്‍ മനുഷ്യരെ വിശ്വസിക്കുകയല്ലേ നല്ലത്. മനുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം. മതങ്ങളെ വിശ്വസിച്ചോട്ടെ വിരോധമില്ല. പക്ഷേ നമ്മള്‍ പരസ്പരം വിശ്വസിക്കണം, നമ്മള്‍ ഒന്നിച്ചുജീവിക്കേണ്ടവരാണ്, കാണേണ്ടവരാണ്. നമ്മള്‍ എല്ലാവരും ഒരേ വായു ശ്വസിച്ച് ഒരേ സൂര്യവെളിച്ചത്തിന്‍റെ എനര്‍ജികൊണ്ട് ജീവിക്കുന്നവരാണ്.

സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല, രോഗങ്ങള്‍ക്കുമില്ല. എന്നാല്‍ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തന്നെയാണെന്നാണ് എന്‍റെ വിശ്വാസം.

ലോകമുണ്ടായ കാലം മുതല്‍ നമ്മള്‍ പറയുന്നത് പരസ്പര സ്നേഹത്തെക്കുറിച്ചാണ്. സ്നേഹം ഉണ്ടാകുന്നത് തന്നെ നമ്മുടെ ഉള്ളിലെ പൈശാചികമായ പാപത്തെ ദേവഭാവത്തിലേക്ക് നമ്മള്‍ തിരിച്ചറിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാകുന്നത്. പക്ഷേ അപൂര്‍വ്വം ചില ആളുകള്‍ക്കേ ആ സിദ്ധിയുള്ളു. ലോകം മുഴുവന്‍ അങ്ങനെ ആയിതീരണമെന്ന് ആഗ്രഹിക്കുന്നത് ഒരു അത്യാഗ്രഹമാണ്. നമ്മുടെ ഉള്ളില്‍ തന്നെയുള്ള നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍ നമ്മള്‍ ജയിച്ചാലേ ഈ ലോകത്ത് നന്മയുണ്ടാകൂ. അത് തന്നെയാണ് നമ്മുടെ സംസ്കാരവും പറയുന്നത്.

ചടങ്ങിൽ മമ്മൂട്ടിക്ക് അഭിനയസൂര്യൻ - നവരസ ആദരവ് നൽകി.  വ്യവസായ മന്ത്രി പി. രാജീവ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ, എം.എൽ.എമാരായ കെ.ജെ. മാക്സി, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, മുൻ മേയർ എം. അനിൽകുമാർ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളീ ചീരോത്ത്, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബുക്മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, നാടക പ്രവർത്തകൻ സുധാംശു ദേശ്പാണ്ഡെ, ഗണേശ് എം. ദേവി, രത്ന പഥക് ഷാ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Mammootty says that the greatest religion is when people trust each other

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.