നടൻ മാധവന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച് ഡൽഹി ഹൈകോടതി

നടൻ ആർ മാധവന്‍റെ പേരും ശബ്ദവും എ.ഐ ഉപയോഗിച്ച്‌ അനുകരിക്കുന്നതിൽ നടപടിയെടുത്ത് കോടതി. പേര്, ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഡല്‍ഹികോടതി വിലക്കി. ആധുനിക കാലത്ത് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന എ.ഐ, ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങള്‍ തടയാൻ ലക്ഷ്യമിട്ടാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.

നിരവധി വെബ്‌സൈറ്റുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി പേരും ചിത്രങ്ങളും നിയമവിരുദ്ധമായി ഉപയോഗിക്കുന്നതാണ് കോടതി തടഞ്ഞത്. 'കേസരി 3' എന്ന സിനിമയുടെ വ്യാജ ട്രെയിലറുകള്‍ സ്യഷ്ടിച്ച് ഇന്റർനെറ്റില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധവൻ കോടതിയെ സമീപിച്ചത്. ഈ വ്യാജ ദൃശ്യങ്ങള്‍ ഉടനടി ഇന്റർനെറ്റില്‍ നിന്ന് നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി.

വ്യക്തിത്വ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മാധവന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ രൂപമോ ശബ്ദമോ ഡിജിറ്റല്‍ സാങ്കേതികവിദ്യ വഴി വാണിജ്യ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാൻ പാടില്ല. താരത്തിന്റെ മുഖം മറ്റൊരു വീഡിയോയില്‍ മോർഫ് ചെയ്ത് ചേർക്കുന്നതിനും കർശന വിലക്കുണ്ട്. കൂടാതെ മാധവനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതോ അനുമതിയില്ലാത്തതോ ആയ ദൃശ്യങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നീക്കം ചെയ്യണം.

മാധവന് മുൻപ് തന്നെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനില്‍ കപൂർ, ഐശ്വര്യ റായ് ബച്ചൻ, ഹൃതിക് റോഷൻ എന്നിവരും സമാനമായ രീതിയില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടുണ്ട്. തെലുങ്ക് താരങ്ങളായ ജൂനിയർ എൻ.ടിആർ, പവൻ കല്യാണ്‍ എന്നിവരും വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി നിയമപോരാട്ടം നടത്തിയിട്ടുള്ളവരാണ്.

നടൻ അജയ് ദേവ്ഗൺ, ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ, ഗായകൻ കുമാർ സാനു, തെലുങ്ക് നടൻ അക്കിനേനി നാഗാർജുന, 'ആർട്ട് ഓഫ് ലിവിംഗ്' സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ എന്നിവരും തങ്ങളുടെ വ്യക്തിത്വ അവകാശങ്ങളും പരസ്യ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചവരാണ്.

ബോളിവുഡ് നടൻ സൽമാൻ ഖാൻ, മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ എന്നിവർ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ വളരുമ്ബോള്‍ സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും സ്വകാര്യതയെ ബാധിക്കുന്നത് തടയാൻ ഇത്തരം കോടതി വിധികള്‍ വലിയ കരുത്താകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. അനുവാദമില്ലാതെ പ്രശസ്തരുടെ പേര് ഉപയോഗിച്ച്‌ പരസ്യങ്ങള്‍ നല്‍കുന്ന ബ്രാൻഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ വിധി വലിയ തിരിച്ചടിയാണ്.

Tags:    
News Summary - Delhi High Court protects R Madhavan's personality rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.