വിധു വിൻസെന്റ്, പാർവതി തിരുവോത്ത്
മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച ഹേമ കമ്മിറ്റി, 2019ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ലൈംഗിക പീഡനമടക്കം നേരിട്ടുവെന്ന, റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് 32 കേസുകളും എടുത്തിരുന്നു. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഇതിൽ 21 കേസുകൾ നേരത്തേയും 14 എണ്ണം കഴിഞ്ഞ ദിവസവും ഒഴിവാക്കുകയുണ്ടായി. ഇതിലുള്ള പ്രതിഷേധമായാണ് പാർവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വിമർശിച്ചത്.
‘നമുക്ക് ഇനി കമ്മിറ്റിയുണ്ടാക്കാൻ കാരണമായ യഥാര്‍ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരുക എന്നതായിരുന്നല്ലോ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രീ ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ ധിറുതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ', എന്നായിരുന്നു പാര്‍വതിയുടെ കുറിപ്പ്.
എന്നാൽ, പാർവതിയുടെ വിമർശനം ബാലിശമാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടെന്നാൽ വെറുമൊരു കേസ് രജിസ്റ്റർ ചെയ്യൽ ഉപകരണമായിരുന്നില്ലെന്നും തിരിച്ചടിച്ചുകൊണ്ട് സംവിധായിക വിധു വിൻസെന്റ് രംഗത്തുവന്നതോടെ വിവാദം മുറുകി. മലയാള സിനിമ മേഖലയിൽ വ്യാപക മാറ്റങ്ങൾക്ക് വഴിതെളിച്ച നയരേഖയായിരുന്നു അതെന്നും പുതിയ ചലച്ചിത്ര നയം രൂപവത്കരിക്കാനുള്ള ഉദ്യമത്തിന് അടിത്തറ പാകിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളാണെന്നുമായിരുന്നു വിധുവിന്റെ വാദം. മൊഴി നൽകിയവർ പിന്മാറിയതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് പറഞ്ഞ അവർ, ഹേമ കമ്മിറ്റി റിപ്പോർട്ട് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരുന്നുവെന്നും അവകാശപ്പെട്ടു. പരിഷ്കാരങ്ങൾ വിവരിക്കുന്ന വിധുവിന്റെ സമൂഹമാധ്യമ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ:
‘‘വിമർശനങ്ങൾ എക്കാലവും നല്ലതാണ്. പക്ഷേ താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്, അൽപസ്വൽപം വസ്തുതകൾ മനസ്സിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും. പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽനിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.