സിനിമയിൽ ഫിറ്റാണ്, എന്നാൽ ജീവിതത്തിൽ അത്ര ഫിറ്റല്ല; നാഡീ വൈകല്യങ്ങൾ നേരിടുന്നുണ്ടെന്ന് സൽമാൻ ഖാൻ

ബോളിവുഡ് സിനിമ മേഖലയിൽ അഭിനയ മികവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സൽമാൻ ഖാൻ. മൂന്ന് പതിറ്റാണ്ടായി സിനിമ മേഖലയിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ജീവിതത്തിൽ അത്ര കരുത്തനല്ല. സിനിമയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള തനിക്ക് നാഡീ സംബന്ധമായ വൈകല്യങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് താരം 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3' ന്റെ ആദ്യ എപ്പിസോഡിൽ വെളുപ്പെടുത്തുകയുണ്ടായി. തനിക്ക് എവി മാൽഫോർമേഷൻ (AV Malformation), അന്യൂറിസം (Aneurysm) എന്നീ രണ്ട് നാഡീ അസുഖങ്ങൾ ഉണ്ട്. ഈ അവസ്ഥയിൽ നിന്നും മോചനം ലഭിക്കാൻ 2011ൽ ഒരു ശസ്ത്രക്രിയക്ക് താൻ വിദേയമായിട്ടുണ്ടെന്നും സൽമാൻ ഖാൻ പറഞ്ഞു.

എന്താണ് എവി മാൽഫോർമേഷൻ?

രക്തക്കുഴലുകളുടെ അസാധാരണമായ പ്രവർത്തനമാണ് ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (എ.വി.എം). ഇത് രക്തപ്രവാഹത്തേയും കോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തേയും തടസ്സപ്പെടുത്തുന്നു. ഒരു എ.വി.എം രോഗിയിൽ ധമനികൾ നേരിട്ട് സിരകളുമായി ബന്ധിപ്പിക്കുന്നു. അതിനാൽ ഇത്തരം രോഗികളിൽ പെട്ടന്ന് രക്തയോട്ടം വർധിക്കുന്നു. ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുന്നത് കൊണ്ട് കാലക്രമേണ ആ ഭാഗം വീർക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു. ഈ രോഗം സാധാരണയായി 50 വയസ്സിനുശേഷമാണ് പ്രകടമാകാറുള്ളത്. ഇത് ജന്മനാ ഉള്ള അവസ്ഥയായതിനാൽ ചില രോഗികൾക്ക് ഇതിന്റെ ലക്ഷങ്ങൾ പ്രകടമാകാറില്ല. അതിനാൽ കൃത്യമായ ചികിത്സ ലഭിക്കാൻ വൈകുന്നു.

എന്താണ് അന്യൂറിസം?

രക്തധമനികളുടെ ദുർബലമായതോ വികസിച്ചതോ ആയ അവസ്ഥയാണ് അന്യൂറിസം. ഉയർന്ന രക്തസമ്മർദ്ദം, ജനിതകപരമായ രോഗങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ കാരണം. ഇത് തലച്ചോറിലോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോ സംഭവിക്കാം. ഈ രണ്ട് രോഗങ്ങളും പരസപരം ബന്ധപ്പെട്ടിരിക്കുന്നു.

രോഗ ലക്ഷങ്ങൾ

എ.വി.എം രോഗികളിൽ തലവേദന, നടുവേദന, അപസ്മാരം, പേശി ബലഹീനത, സംസാര-ചലന പ്രശ്നങ്ങൾ, ബോധം നഷ്ടപ്പെടൽ പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്നു. ഈ ലക്ഷണങ്ങൾ സങ്കീർണമാകുമ്പോൾ പക്ഷാഘാതത്തിനും രക്തസ്രാവത്തിനും കാരണമാകും. അന്യൂറിസം ലക്ഷണങ്ങളായി തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തല, നെഞ്ച്, അടിവയർ തുടങ്ങിയ സ്ഥലങ്ങളിൽ കഠിനമായ വേദന, ഛർദി മുതലായവയാണ്‌. ഇത് ആന്തരിക രക്തസ്രാവത്തിന് കരണമാകുന്നതിനാൽ അന്യൂറിസം ഗുരുതരമാണ്.

ചികിത്സ രീതികൾ

രോഗിയുടെ വലുപ്പം, പ്രായം, അവസ്ഥ എന്നിവ കണക്കിലെടുത്ത് അന്യൂറിസത്തിന് ചികിത്സ തീരുമാനിക്കാം. ശസ്ത്രക്രിയ, എൻഡോവാസ്കുലാർ കോയിലിങ് (endovascular coiling) തുടങ്ങിയ ചികിത്സാരീതികൾ ലഭ്യമാണ്. എ.വി.എം രോഗികൾക്ക് ചികിത്സ ആവിശ്യമില്ല. എന്നാൽ ചിലർക്ക് ശസ്ത്രക്രിയ, റേഡിയോ സർജറി, എംബോളൈസേഷൻ തുടങ്ങിയ ചികിത്സാരീതികൾ വേണ്ടി വരും. രക്തസ്രാവം തടയുകയും രക്തയോട്ടം സാധാരണ നിലയിൽ പുനഃസ്ഥാപിക്കുകയുമാണ് ചികിത്സയുടെ ലക്ഷ്യം.

Tags:    
News Summary - He is fit in films but not so fit in life; Salman Khan says he is struggling with trigeminal neuralgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.