തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യെ പ്രശംസിച്ച് ധനുഷ്. നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ചിത്രം മേയ് ഒന്നിനാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സൂര്യയുടെ 'റെട്രോ', നാനിയുടെ 'HIT 3' തുടങ്ങിയ മറ്റ് റിലീസുകളിൽ നിന്നുള്ള ശക്തമായ മത്സരം ഉണ്ടായിരുന്നിട്ടും, ടൂറിസ്റ്റ് ഫാമിലിക്ക് മികച്ച ബോക്സ് ഓഫീസ് വിജയം സാധിച്ചിട്ടുണ്ട്.
ധനുഷിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് അഭിഷാൻ ജീവൻത് എക്സിൽ ഒരു പോസ്റ്റിട്ടു. 'ധനുഷ് സാറിനെ കാണാൻ ഭാഗ്യം ലഭിച്ചു! 'ടൂറിസ്റ്റ് ഫാമിലി'ക്ക് ആശംസകൾ ലഭിച്ചതിൽ നന്ദി. അദ്ദേഹം പറഞ്ഞു, 'ടീസർ കണ്ട നിമിഷം, ഇത് വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ് ധനുഷ് പറഞ്ഞത്.
സിനിമ ഇതുവരെ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറിയിരിക്കുകയാണ്. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.