‘തുടർച്ചയായ മൂന്നാമത്തെ പരുക്കാണിത്, വേദനയുണ്ട്; ഞാൻ തിരിച്ചുവരും’; ആരോഗ്യത്തെ കുറിച്ച് രശ്മിക മന്ദാന

സിനിമാ ചിത്രീകരണത്തിനിടയിൽ പരുക്കേറ്റ രശ്മിക മന്ദാന തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചു. അടുത്തിടെ 'കോക്ക്‌ടെയിൽ 2' എന്ന ചിത്രത്തിൽ വേഷമിട്ട താരം, തനിക്ക് ഇടുപ്പെല്ലിന് പരുക്കേറ്റതായും നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഇൻസ്റ്റാഗ്രാമിലൂടെയാണ് വ്യക്തമാക്കിയത്. പരുക്കേറ്റ വിവരം ആദ്യം രഹസ്യമാക്കി വെക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ആരാധകരുടെ സ്നേഹവും പിന്തുണയും കണക്കിലെടുത്ത് താൻ വിവരം തുറന്നുപറയുകയായിരുന്നു എന്ന് താരം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ തന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് രശ്മിക തുറന്നുപറഞ്ഞു. ‘പരുക്കുകൾ വളരെ മോശമാണ്. ആരും അറിയരുതെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എങ്കിലും കുഴപ്പമില്ല. ഞാൻ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, എങ്കിലും ഹായ്! ഞാൻ ഇവിടെയുണ്ട്! ഇത് കുറച്ചു നാൾ മുൻപ് സംഭവിച്ചതാണ്, ഇത് എന്റെ തുടർച്ചയായ മൂന്നാമത്തെ പരുക്കാണ്. എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യശരീരമായി പരിഗണിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം രശ്മിക കുറിച്ചു. 

വരാനിരിക്കുന്ന 'മൈസ' എന്ന ചിത്രത്തിലെ ഒരു ഡാൻസ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടയിലാണ് രശ്മികക്ക് പരുക്കേറ്റത്. താൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും കഠിനവും ആക്രമണോത്സുകവുമായ ചിത്രമാണിതെന്ന് താരം വിശേഷിപ്പിച്ചു. ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡോണുകൾ ഓരോ വശത്തുമുണ്ട്. അതിൽ എന്റെ വലതുവശത്തെ ഹിപ്പിലെ ഒരു ടെൻഡോൺ വേർപെട്ടുപോയി. അത് വീണ്ടും ഒട്ടിച്ചാൽ മാത്രമേ എനിക്ക് കാൽ ഉയർത്താനും മറ്റും സാധിക്കൂ. 'മൈസ'യുടെ ഡാൻസ് ഷൂട്ടിനിടയിലാണ് ഇത് സംഭവിച്ചത്. എന്റെ കരിയറിലെ ഏറ്റവും കഠിനമായ ചിത്രമാണിത്. വേദനയുണ്ടെങ്കിലും അത് സഹിക്കാൻ കഴിയാത്തത്ര തീവ്രമല്ലെന്ന് രശ്മിക പറയുന്നു.

താൻ സ്വയം വിശ്രമമെടുക്കാത്തതുകൊണ്ട് ദൈവം തനിക്ക് തന്ന നിർബന്ധിത അവധിയായാണ് ഈ പരുക്കിനെ കാണുന്നതെന്ന് രശ്മിക തമാശരൂപേണ പറയുന്നു. ഈ വിശ്രമവേളയിൽ താൻ സമയം ചെലവഴിക്കുന്നത് എങ്ങനെയെന്നും താരം ആരാധകരുമായി പങ്കുവെച്ചു. താൻ പസിൽ ഗെയിമുകൾ കളിക്കുന്നതിൽ ഇത്രയധികം മിടുക്കിയാണെന്ന് ഈ ദിവസങ്ങളിലാണ് തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. കഠിനമായ വ്യായാമങ്ങളും ഓട്ടവും വഴി ശരീരം ഫിറ്റായി സൂക്ഷിച്ചിരുന്ന താരം, ഇപ്പോൾ വ്യായാമം ചെയ്യാൻ കഴിയാത്തതിനാൽ വണ്ണം കൂടുമോ എന്ന ആശങ്കയും പങ്കുവെച്ചു. താൻ ഒരു 'ഡെസേർട്ട് മോൺസ്റ്റർ' ആയി മാറുമെന്നും തമാശയായി താരം കുറിച്ചു.

ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും താൻ വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും അറിയിച്ചുകൊണ്ട് സുഖവിവരങ്ങൾ ഉടൻ തന്നെ വീണ്ടും പങ്കുവെക്കാമെന്ന് പറഞ്ഞാണ് രശ്മിക കുറിപ്പ് അവസാനിപ്പിച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്.

Tags:    
News Summary - ആരോഗ്യസ്ഥിതിയെക്കുറിച്ച് രശ്മിക മന്ദാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.