ലോകത്തെ ഏറ്റവും സുന്ദരനായ പുരുഷൻ എന്നു വിഷേശിപ്പിക്കപ്പെട്ട ഹോളിവുഡ് നടൻ ജോർജ് ക്ലൂണിയും പങ്കാളി, ബ്രിട്ടീഷ് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ അമാൽ അലാമുദ്ദീനും തമ്മിൽ പത്തു വർഷമായി തുടരുന്ന ദാമ്പത്യത്തിൽ ഇതുവരെ വഴക്കിട്ടിട്ടില്ലത്രെ. ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ്, ഒരു അഭിമുഖത്തിൽ ക്ലൂണി ഇക്കാര്യം അവകാശപ്പെട്ടത്. ഒരിക്കലും വഴക്കിട്ടിട്ടില്ലെന്ന് അവകാശപ്പെട്ട സെലിബ്രിറ്റികളിൽ ഇവർ മാത്രമല്ല, ബോളിവുഡ് ദമ്പതിമാരായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയുമുണ്ട്. ഇതെല്ലാം അവകാശവാദങ്ങളോ സംഭവ്യമായ കാര്യങ്ങളോ എന്നതിൽ വിദഗ്ധർ പറയുന്നത് നോക്കാം.
വഴക്കിടാത്ത ബന്ധങ്ങൾ സാധ്യമോ എന്ന ചോദ്യത്തിന് ബ്ലാക്ക് ആൻഡ് വൈറ്റ് ഉത്തരം സാധ്യമല്ലെന്നും സാഹചര്യങ്ങൾ പ്രധാനമാണെന്നും പറയുന്നു, റിലേഷൻഷിപ് വിദഗ്ധ ആന്യ ജയ്. ‘‘ഒരുപക്ഷെ, ഒരിക്കലും വഴക്കിട്ടിട്ടില്ല എന്നു പറയുന്നവർ, തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായില്ല എന്നു പറയുന്നില്ല. അതിനർഥം, അഭിപ്രായവ്യത്യാസങ്ങൾ വഴക്കിലേക്ക് പോകാതെ മാനേജ് ചെയ്യാൻ അവർക്ക് കഴിയുന്നു എന്നാണ്’’ -ആന്യ ജയ് പറയുന്നു.
പങ്കാളിയുടെ വൈകാരിക അവസ്ഥകൾ മനസ്സിലാക്കാനും പരസ്പരം ബഹുമാനിക്കാനും കഴിയുമെങ്കിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്ന സന്ദർഭങ്ങൾ വഴക്കിലേക്ക് വലുതാകുന്നതിൽനിന്ന് തടയാൻ സാധിക്കുമെന്നാണ് ആർമി മെഡിക്കൽ കോറിലെ (റിട്ട.) ഡോ. രാജേന്ദ്ര മോറെ അഭിപ്രായപ്പെടുന്നത്.
ആരോഗ്യകരമായ ബന്ധങ്ങളിലും ഭിന്നതയുണ്ടാകാതിരിക്കില്ല. ഭിന്നതയുടെ ഗുണമേന്മയാണ് അടിച്ചുപിരിയലും ഒന്നിച്ചുപോക്കും നിശ്ചയിക്കുന്നത്. ബോക്സിങ്ങിലെ ഗ്രൗണ്ട് റൂൾസ് പോലെയാണിതെന്നും ആന്യ ചൂണ്ടിക്കാട്ടുന്നു. ‘‘ഇന്ന ഭാഗത്ത് ഇടിക്കരുത് എന്നു പറയുംപോലെ, ഇത്തരം വാക്കുകളോ പ്രവൃത്തികളോ ഉണ്ടാവരുത് എന്ന് പരസ്പരം ധാരണയുണ്ടാകുന്നത് പ്രധാനമാണ്’’ -അവർ പറയുന്നു. മുൻകാല തെറ്റുകൾ വീണ്ടും വീണ്ടും പറയുന്ന പോലുള്ളവ പ്രശ്നമാണ്. അവയുണ്ടാക്കുന്ന ആഘാതം നാം ചിന്തിക്കുന്നതിനേക്കാൾ ഏറെയാണ്. പങ്കാളികളിൽ ഒരാൾ മാത്രമാണ് ഇതിൽ എപ്പോഴും ഇരയെങ്കിൽ കാര്യങ്ങൾ പ്രശ്നത്തിലേക്കുതന്നെ പോകും -അവർ കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തിൽ, അഭിപ്രായഭിന്നത ഒരു പരാജയമല്ല, അത ബന്ധങ്ങളുടെ സിലബസിൽ പറഞ്ഞതാണ്. പക്ഷെ, ഔട്ട് ഓഫ് സിലബസ് ആവാതെ നോക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.