ജീൻ ഹാക്ക്മാന് അൽഷിമേഴ്സ്; ഭാര്യ മരിച്ചതറിയാതെ ഏഴ് ദിവസം മൃതദേഹത്തിനൊപ്പം; ഒടുവിൽ ഹൃദയാഘാതം

ഹോളിവുഡ് നടൻ ജീൻ ഹാക്ക്മാന്റെയും ഭാര്യ ബെറ്റ്സി അരകാവയുടെയും മരണകാരണങ്ങൾ വെളിപ്പെടുത്തി അധികൃതർ. ജീൻ ഹാക്ക്മാന്‍റെ പേസ്‌മേക്കറിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് മരണം സംഭവിച്ചത് ഫെബ്രുവരി 18നാകാനാണ് സാധ്യതയെന്നാണ് വെളിപ്പെടുത്തൽ. എലികളുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഹാന്റവൈറസ് പൾമണറി സിൻഡ്രോം എന്ന ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചാണ് ബെറ്റ്സി അരകാവ മരിച്ചതെന്ന് ന്യൂ മെക്സിക്കോയിലെ ചീഫ് മെഡിക്കൽ എക്സാമിനർ ഡോ. ഹീതർ ജെറൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഹാക്ക്മാൻ അൽഷിമേഴ്‌സിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. അതിനാൽ തന്നെ അവർ മരിച്ചുപോയ കാര്യം അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു.

കഴിഞ്ഞ 50 വർഷത്തിനിടെ ന്യൂ മെക്സിക്കോയിൽ 136 പേരെ ബാധിച്ചിട്ടുള്ള ഒരു അപൂർവ രോഗമാണ് എലികൾ മൂലമുണ്ടാകുന്ന ഹാന്റവൈറസ്. മരണനിരക്ക് 42 ശതമാനമാണെന്ന് സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് വെറ്ററിനറി ഡോക്ടർ എറിൻ ഫിപ്സ് വ്യക്തമാക്കിയിരുന്നു. ഹാക്ക്മാന്റെ വീടിന്റെ ചില ഭാഗങ്ങളിൽ എലികളുടെ കടന്നുകയറ്റം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഹാക്ക്മാന് ഹാന്റവൈറസില്ലെന്ന് കണ്ടെത്തി. അദ്ദേഹത്തിന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 26നാണ് ഇരുവരെയും വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റ്സി അരകാവയുടെ മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്, മൃതദേഹത്തിന് സമീപം തൈറോയ്ഡ് മരുന്നുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. എന്നാൽ അവ ബെറ്റ്സി ഉപയോഗിക്കുന്നവയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അടുക്കളക്ക് സമീപമുള്ള മുറിയിലാണ് ഹാക്ക്മാന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മരിച്ചതറിയാതെ വീട്ടിൽ അലഞ്ഞ് നടന്ന് ഏഴ് ദിവസത്തിന് ശേഷം ഹാക്ക്മാനും മരണത്തിന് കീഴടങ്ങുയായിരുന്നു എന്നാണ് റിപ്പോർട്ട്.

രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവാണ് ജീൻ ഹാക്ക്മാൻ. 1972ല്‍ 'ദി ഫ്രഞ്ച് കണക്ഷനിലെ' ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. 1992ല്‍ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാറും സ്വന്തമാക്കി. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്.എ.ജി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ജീൻ നേടിയിട്ടുണ്ട്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം ‘വെൽക്കം ടു മൂസ്പോർട്ട്’ ആണ്.

Tags:    
News Summary - Gene Hackman updates: Police reveal Oscar-winning actor and wife’s shocking causes of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.