അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടും ആരാധകർ ഏറെയുള്ള ബോളിവുഡ് നടനാണ് ആമിര്‍ ഖാൻ. തന്‍റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ കുറിച്ചും വിഷാദത്തെ കുറിച്ചും ആമിർ ഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കുമ്പോഴും പരാജയപ്പെടുന്ന സിനിമകള്‍ തന്നെ മാനസികമായി തളര്‍ത്താറുണ്ടെന്ന് ആമിര്‍ ഖാന്‍ പറയുന്നു. പരാജയങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ എടുക്കണം അത് നിങ്ങളെ ജോലിയിൽ മികച്ചവരാകാൻ പഠിപ്പിക്കും. ഐഡിയാസ് ഓഫ് ഇന്ത്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ സിനിമകൾ പരാജയപ്പെടുമ്പോൾ, ഞാൻ വിഷാദത്തിലാകും. രണ്ട് മൂന്ന് ആഴ്ച അത് ഓർത്ത് കരയും. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ എന്റെ ടീമിനൊപ്പം ഇരുന്ന് സിനിമയിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് ചിന്തിക്കും. പ്രേക്ഷകർ സിനിമയെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് മനസിലാക്കാൻ ശ്രമിക്കും. ഞാന്‍ എന്റെ പരാജയങ്ങളെയും പരിഗണിക്കാറുണ്ട്. അതിന് ശേഷം പുതിയ ചിത്രങ്ങളെ ഉത്സാഹത്തോടുകൂടി സമീപിക്കാറുണ്ട്. ആമിര്‍ ഖാന്‍ പറഞ്ഞു.
ലാൽ സിങ് ഛദ്ദ, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്നിവ ബോക്സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കാതെ പോയതിനെ കുറിച്ചും താരം സംസാരിച്ചു. 'ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗമ്പ് എന്ന സിനിമയുടെ റീമേക്കായ ലാൽ സിങ് ഛദ്ദയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. ഞങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിഞ്ഞില്ല. തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലാകട്ടെ ഞങ്ങൾക്ക് വേണ്ടത് ചെയ്യാനും കഴിഞ്ഞില്ല. സിനിമ നിർമ്മാണം ബുദ്ധിമുട്ടുള്ള മേഖലയാണ്. ചിലപ്പോൾ നമുക്ക് ആഗ്രഹിക്കുന്ന രീതിയിൽ സിനിമകൾ നിർമ്മിക്കാൻ കഴിയില്ല'.
2009ൽ ഇറങ്ങിയ 3 ഇഡിയറ്റ്സ് ചൈനയിൽ വളരെയധികം പ്രശംസ നേടിയതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. ചൈനയിലെ എന്റെ സിനിമകളുടെ വിജയം അത് ചൈനീസ് പ്രേക്ഷകരുടെ വിജയമാണ്. 3 ഇഡിയറ്റ്സ് ചൈനയിൽ വൈറലായത് പൈറസി മൂലമാണ്. കഠിന സമയങ്ങളിൽ കുടുംബം കൂടെയുണ്ടായിരുന്നതാണ് പുതിയ സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ആമിർ ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.