തിരുവനന്തപുരം: തൂവാനത്തുമ്പികൾ ഉൾപ്പെടെ സിനിമകളുടെ നിര്‍മാതാവും എഴുത്തുകാരനുമായ പി. സ്റ്റാന്‍ലി അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ട് മദ്രാസില്‍ എ. വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയ സിനിമകളും നിർമിച്ചു. രാജന് പറഞ്ഞ കഥ, തോല്ക്കാന് എനിക്കു മനസില്ല, വയനാടന്‍ തമ്പാന് തുടങ്ങിയ ചിത്രങ്ങളുടെ വിതരണത്തില്‍ പങ്കാളിയായിരുന്നു. വെളുത്ത കത്രീന, ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി 25ലേറെ മലയാളചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
1944ല്‍ കൊല്ലത്ത് ജനിച്ച ഇദ്ദേഹം, ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ പോളിക്കാര്‍പ്പിന്റെ മകനാണ്. ‘വാസ്തുകലാപീഠം’ എന്ന കെട്ടിടനിര്‍മാണ സ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തു കണ്‍സൽട്ടന്റുമായിരുന്നു. കനല്‍വഴിയിലെ നിഴലുകള്‍, മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികള്‍, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും വാസ്തു സമീക്ഷ എന്ന ശാസ്ത്രപുസ്തകവും ഓര്‍മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകള്‍ എന്നീ ഓര്‍മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ: ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി (മാനേജിങ് ഡയറക്ടർ, റിഫ്ക്കൺ, സൗദി അറേബ്യ), സുനിൽ സ്റ്റാൻലി (കോ ഫൗണ്ടർ ആൻഡ് പ്രിൻസിപ്പൽ ആർക്കിടെക്റ്റ്, ഇന്നർ സ്പേസ് ഇൻറീരിയർ ഡിസൈൻ ദുബായ്). മരുമക്കൾ: ജോയി, ഡോ. പർവീൺ, മോളി ബിനു സുനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.