വാർത്തകളിൽ ഇടംപിടിക്കുന്ന താരകുടുംബമാണ് നടൻ ധർമേന്ദ്രയുടേത്. പ്രകാശ് കൗറുമായുള്ള വിവാഹത്തിന് ശേഷമാണ് ഹേമമാലിനി ധർമേന്ദ്രയുടെ ജീവിതത്തിലെത്തുന്നത്. എന്നാൽ നടിക്ക് വേണ്ടി ആദ്യ ഭാര്യയേയും മക്കളായ സണ്ണി ഡിയോൾ, ബോബി, വിജീത, അജീത എന്നിവരെ ഉപേക്ഷിക്കാൻ നടൻ തയാറായിരുന്നില്ല. രണ്ട് ഭാര്യമാരും മക്കളും ധർമേന്ദ്രയുടെ സംരക്ഷണയിലായിരുന്നു.
ഹേമമാലിനിയും കുടുംബവുമായി സണ്ണി ഡിയോളിനും സഹോദരൻ ബോബിക്കും വളരെ അടുത്ത ബന്ധമാണുള്ളത്. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ ഗദർ 2 കാണാൻ ഇഷ ഡിയോളും അഹാനയും എത്തിയിരുന്നു. സണ്ണിക്കും ബോബിക്കുമൊപ്പമുള്ള ഡിയോൾ സഹോദരിമാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ധർമേന്ദ്ര- ഹേമമാലിനി ദമ്പതികളുടെ മക്കളാണ് ഇഷയും അഹാനയും.
ഇപ്പോഴിതാ സണ്ണിയും ബോബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ഇഷ ഡിയോൾ. വിശേഷാവസരങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരാറുണ്ടെന്നും അത് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സണ്ണിക്കും ബോബിക്കുമൊപ്പമുള്ള ഇഷയുടേയും സഹോദരിയുടേയും വൈറൽ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
'സണ്ണിക്കും ബോബിക്കുമൊപ്പമുള്ള ചിത്രം പ്ലാൻ ചെയ്ത് എടുത്തതല്ല.അതൊരു സ്വഭാവിക ചിത്രമാണ്. താരങ്ങളാണെങ്കിലും കുടുംബ കാര്യത്തിൽ ഞങ്ങൾ സ്വകാര്യത കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. പുറത്ത് നിന്ന് നോക്കുന്നവർക്ക് ആ ഫോട്ടോ വളരെ വൈകാരികമായി തോന്നാം. എന്നാൽ ഇതുപോലുള്ള നിരവധി ചിത്രങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
കുട്ടിക്കാലം മുതൽ സഹോദരന്മാർക്ക് ഞങ്ങൾ രാഖി കെട്ടികൊടുക്കാറുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. അത് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കേണ്ട ആവശ്യമില്ല. ഞാൻ നേരത്തെ പറഞ്ഞത് പോലെ, 'ഗദർ 2' കാണാൻ എത്തിയപ്പോൾ അങ്ങനെയൊരു ചിത്രം സ്വഭാവികമായി സംഭവിച്ചതാണ്. അതൊരു മനോഹരമായ നിമിഷമായിരുന്നു'- ഇഷ കൂട്ടിച്ചേർത്തു.
ഹേമ മാലിനിയും ഡിയോൾ സഹോദരങ്ങളുടെ ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. 'അതൊരു പുതിയ കാര്യമല്ല. ഞങ്ങൾ എല്ലാവരും ഒന്നാണ്. സണ്ണിയും ബോബിയും വീട്ടിൽ വരാറുണ്ട്. എന്നാൽ അവർ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാറില്ലെന്ന് മാത്രം. ഇപ്രാവശ്യം മാത്രമാണ് പത്രക്കാർക്ക് കിട്ടിയത്, അത് നന്നായി- ഹേമമാലിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.