സംവിധായകൻ പ്രേംകുമാറിന് പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറിയ കാർത്തി
96, മെയ്യഴകൻ തുടങ്ങിയ വിജയ ചിത്രങ്ങളുടെ സംവിധായകനായ പ്രേംകുമാറിന് സർപ്രൈസ് സമ്മാനം നൽകി തമിഴ് നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കരുത്തനായ ഥാർ റോക്ക്സിൻെറ എ.എക്സ് 5 എൽ 4x4 ആണ് സംവിധായകന് സമ്മാനമായി നൽകിയത്. തന്റെ സ്വപ്നവാഹനം ലഭിച്ച സന്തോഷത്തിലാണ് പ്രേംകുമാർ.
എന്നെങ്കിലുമൊരിക്കൽ മഹീന്ദ്ര ഥാർ സ്വന്തമാക്കണമെന്ന മോഹം ഉണ്ടായിരുന്നു. അങ്ങനെ പണം ഒരുക്കി കാത്തിരുന്നപ്പോൾ ഇഷ്ട്ടപെട്ട നിറം കിട്ടിയതുമില്ല. പിന്നീട് കളർ ഒത്തുവന്നപ്പോൾ ആഗ്രഹിച്ച മോഡൽ ലഭിച്ചില്ല. സ്വപ്നം നീണ്ടുപോയപ്പോൾ കയ്യിൽ കരുതിയ പണം മാറ്റാവശ്യങ്ങൾക്കു വിനിയോഗിക്കേണ്ടി വന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സൂര്യ അണ്ണ ഒരു ചിത്രം അയച്ചു തന്നു. വൈറ്റ് ഥാർ റോക്സ് എ.എക്സ് 5 എൽ 4x4, ''അത് വന്നു'' എന്നൊരു സന്ദേശവും ഒപ്പമുണ്ടായിരുന്നു. പക്ഷേ വാങ്ങാനുള്ള പണം കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടുതന്നെ പരിഭ്രമിച്ചാണ് രാജ സാറിനെ വിളിച്ചത്. എന്നാൽ ചിരിച്ചുകൊണ്ടുള്ള രാജ സാറിന്റെ മറുപടി... 'പ്രേം, അത് സൂര്യ സാർ നിനക്ക് തരുന്ന സമ്മാനമാണെന്നായിരുന്നു'. അങ്ങനെ ദിവസങ്ങൾക്ക് ശേഷം ലക്ഷ്മി ഇല്ലത്തേക്ക് ക്ഷണം ലഭിച്ചു. ആ ഗേറ്റുകൾ തുറന്നപ്പോൾ ഇനിയുള്ള എന്റെ യാത്രക്ക് കൂട്ടായ സഹചാരി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാർത്തി വാഹനത്തിന്റെ താക്കോൽ നൽകിയപ്പോഴും അവിശ്വസനീയതയോടെയാണ് ഞാനത് മേടിച്ചതെന്ന് പ്രേംകുമാർ കുറിച്ച വാക്കുകളിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം വിപണിയിലിറക്കിയ ഥാർ റോക്ക്സ് മഹീന്ദ്രയുടെ തലവര മാറ്റിയ വാഹനമായിരുന്നു. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന്റെ കരുത്ത്. 175 ബി.എച്ച്.പി പവറും 370 എൻ.എം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കും. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് ഥാർ റോക്ക്സിന്റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.