കോഴിക്കോട്: ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി. ഡിസംബറിൽ നടക്കുന്ന ' വെലൽ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്. ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസിയുടെ പ്രതികരണം.
രാജ്യത്ത് താനുൾപ്പെടെയുള്ള കലാകാരന്മാർ പ്രതികരണത്തെ ഭയപ്പെടുകയാണെന്നും ഇ.ഡിയുടെ വേട്ടയാടലുകൾ മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണെന്നും ബ്ലെസി പറയുന്നു.
'വരുന്ന ഡിസംബർ മാസത്തിൽ ഇസ്രായേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റ് വെലലിൽ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രായേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതി നാൽ തന്നെ എംബസി അധികൃതരോട് താൽപര്യകുറവ് അറിയിച്ചു. പ്രധിനിധി കൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ ഫലസ്‌തീൻ, പാകിസ്താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചത്'.-ബ്ലെസി പറഞ്ഞു.
'ഞാനുൾപ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യകുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്നം. ഗൾഫിൽ നടന്ന സെമ അവാർഡ്ദാന ചടങ്ങിൽ ബെസ്റ്റ് ഫിലിം ഡയറക്ടർ എന്ന നിലയിൽ പങ്കെടുത്തപ്പോൾ മഹാ രാജ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നോട് ചോദിച്ചു. നാഷണൽ അവാർഡ് കിട്ടാതെ പോയപ്പോൾ നിങ്ങൾ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചത്.ഞാൻ മറുപടിയായി പറഞ്ഞു.എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം.' -ബ്ലെസി പറയുന്നു.
ഗസ്സയിലാണെങ്കിലും യുക്രൈനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്‍റെ രാഷ്ട്രീയം എന്തുതന്നെയാ ണെങ്കിലും ഇതൊന്നും അറിയാത്തവ രുടെ ജീവിതങ്ങളാ ണ് നഷ്ടമാവുന്നത് എന്ന തിരിച്ചറിവ് ഇല്ലാതെ പോവുവെന്നത് ഏറെ നിർഭാഗ്യകരമാണെന്നും ബ്ലെസി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.