നടൻ ആന്റണി വർഗീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ജൂഡ് ആന്തണി. സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും എന്നാൽ ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കവെ പിൻമാറിയെന്നുമാണ് ജൂഡ് ആന്തണി പറയുന്നത്. ഒരു യോഗ്യതയുമില്ലാത്ത ആളാണ് ആന്റണി വർഗീസെന്നും എല്ലാവരും അവനെ നല്ലവനായിട്ടാണ് കാണുന്നതെന്നും ജൂഡ് കൂട്ടിച്ചേർത്തു.
'വന്ന വഴി മറക്കുക നന്ദിയില്ലാതിരിക്കുക എന്നു പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തനുണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ വളരെ നല്ലവനാണെന്ന് എല്ലാവരും കരുതിയിരിക്കുന്നത്.
ഞാന്‍ നിർമിക്കാന്‍ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്റെ സിനിമ ചെയ്യാന്‍ വന്ന അരവിന്ദ് എന്ന നിർമാതാവിനടുത്ത് നിന്ന് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി, എന്നിട്ട് സഹോദരിയുടെ വിവാഹം നടത്തി. ശേഷം സിനിമ തുടങ്ങാൻ 18 ദിവസം മാത്രമുള്ളപ്പോൾ അതിൽ നിന്ന് പിൻമാറി. എന്റെ അസോസിയേറ്റിന്റെ ചിത്രമായതുകൊണ്ട് അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതി മിണ്ടാതിരുന്നു. പിന്നീട് ആന്റണി 'ആരവം' എന്ന ചിത്രം ചെയ്തു. എന്നാൽ ആ ചിത്രം വേണ്ടെന്ന് വെച്ചു. ഇതൊക്കെ ഒരു ശാപമാണ്. എന്റെ പ്രൊഡ്യൂസര്‍ മുടക്കിയ കാശ് അവൻ തിരിച്ചുതന്നു, എത്രയോ കാലം കഴിഞ്ഞിട്ട്- ജൂഡ് പറഞ്ഞു.
കഞ്ചാവും ലഹരിയുമൊന്നുമല്ല, മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുക ഇതൊക്കെയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിലുളളതാണ് പ്രശ്നം. ആ നിർമാതാവ് ഇതിനെ കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.
ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേര്‍ ഇപ്പോള്‍ സിനിമയിൽ വന്നിട്ടുണ്ട്. പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. നിധീഷിന്റെ സിനിമ ബേസിലിനെ വച്ച് പൂര്‍ത്തിയാക്കാനായി. ബേസില്‍ മികച്ച അഭിനേതാവാണ്. സിനിമ പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഷെയ്‌നെയും ഭാസിയെയുമൊക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർഥ വില്ലന്‍ അവിടെ ഒളിച്ചിരിക്കുകയാണ്'- മൂവി വേള്‍ഡ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.