ബാലു വർഗീസ്
അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; നടന് ബാലു വർഗീസിന് വക്കീൽ നോട്ടീസ് അയച്ച് യുവതി
തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയതിന് നടൻ ബാലു വർഗീസിന് യുവതിയുടെ വക്കീൽ നോട്ടീസ്. സംഭവത്തിൽ മാപ്പപേക്ഷ നൽകണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്നും രേഖാമൂലം ഉറപ്പ് നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെ സ്വിമ്മിങ് പൂളിനരികിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ സംഭവിച്ചതായിരുന്നുവെന്നാണ് നടൻ പ്രതികരിച്ചത്. എന്നാൽ ഇത് മനഃപൂർവമാണെന്ന് പരാതിക്കാരി പറയുന്നു. തന്റെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ ബാലു വർഗീസ് ക്ഷമാപണം നടത്തിയെന്നാണ് യുവതി അറിയിച്ചത്.
വീട്ടിലെത്തി ഭർത്താവിനോട് വിവരം പറഞ്ഞിരുന്നു. അടുത്ത ദിവസം നടനെ തന്റെ ഭർത്താവ് വിളിച്ച് സംസാരിച്ചപ്പോഴും അബദ്ധത്തിൽ കൈതട്ടിയെന്നാണ് പറഞ്ഞത്. ബലമായി പിടിച്ചതിനാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് തോന്നുന്നില്ലെന്നാണ് യുവതി പറയുന്നത്. സുഹൃത്തുക്കളുമായി സംഭവം പങ്കുവെച്ചപ്പോൾ സമാനമായി നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യുവതിയുടെ തീരുമാനം. വക്കീൽ നോട്ടീസിന് ഇതുവരെ ബാലു വർഗീസ് മറുപടി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.