‘ഓക്കേല ഓക്കേല’ക്ക് മോഹൻലാലും ഗെറ്റോ കിഡ്സും ഒരുമിച്ച് ചുവടുവെച്ചപ്പോൾ

‘ഓക്കേല ഓക്കേല’ക്ക് 'ഗെറ്റോ കിഡ്സി'ന്‍റെ ഡാൻസ്; മാസ് എൻട്രിയിൽ ലാലേട്ടനും, വിഡിയോ വൈറൽ...

മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാലിനൊപ്പം 'ഓക്കേല ഓക്കേല' എന്ന ഹിറ്റ് ഗാനത്തിന് തകർപ്പൻ നൃത്തച്ചുവടുകളുമായി യുഗാണ്ടയിലെ പ്രശസ്തമായ ഡാൻസ് ഗ്രൂപ്പ് 'ട്രിപ്​ലെറ്റ്സ് ഗെറ്റോ കിഡ്സ്'. ‘ഓക്കേല ഓക്കേല’ ഗാനത്തിന് സംഘം ചുവടുവെക്കുന്ന ദൃശ്യങ്ങളോടെ തുടങ്ങുന്ന വിഡിയോയിലേക്ക് പിന്നീട് മാസ് എൻട്രിയോടെയാണ് മോഹൻലാൽ എത്തുന്നത്. കുട്ടികൾക്കൊപ്പം ചേർന്ന് താരം ആവേശത്തോടെ നൃത്തം ചെയ്യുന്നതും തുടർന്ന് സംഘത്തോടൊപ്പം ഇരുന്ന് ഗാനത്തിന്റെ വിഡിയോ കാണുന്നതുമെല്ലാം ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. താരരാജാവിനൊപ്പം താളത്തിനൊത്ത് നൃത്തം ചെയ്യുന്ന വിഡിയോ മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

വിഡിയോയ്ക്കൊപ്പം ആരാധകർക്കായി മറ്റൊരു സന്തോഷവാർത്തയും അദ്ദേഹം വെളിപ്പെടുത്തി. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘ഓപ്പറേഷൻ ഗംഗ’യിൽ ട്രിപ്​ലെറ്റ്സ് ഗെറ്റോ കിഡ്സും ഭാഗമാകുന്നുണ്ടെന്ന വിവരമാണ് മോഹൻലാൽ പങ്കുവെച്ചത്. അന്താരാഷ്ട്ര തലത്തിൽ തരംഗമായ നൃത്തസംഘം കൂടി എത്തുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമുയർന്നിരിക്കുകയാണ്.

ആരാണ് ഗെറ്റോ കിഡ്സ്?

ഉഗാണ്ടയിലെ കാംപാലയിൽ നിന്നുള്ള കുട്ടികളുടെ പ്രശസ്തമായ ഡാൻസ് ഗ്രൂപ്പാണ് ട്രിപ്ലറ്റ്സ് ഗെറ്റോ കിഡ്സ്. ആഫ്രിക്കൻ പരമ്പരാഗത നൃത്തരൂപങ്ങളും ആധുനിക ശൈലികളും സമന്വയിപ്പിച്ചുള്ള ഇവരുടെ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. 2023-ൽ പ്രശസ്ത റിയാലിറ്റി ഷോയായ 'ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ' ഡയറക്ട് ഗോൾഡൻ ബസർ നേടി ഇവർ ഫൈനൽ വരെയെത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടി.

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൃത്തത്തിലൂടെയും കലയിലൂടെ വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കവുമ ദാവൂദയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.

'ഓപ്പറേഷൻ ഗംഗ'

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന വൻകിട ബിഗ് ബജറ്റ് ചിത്രമാണ് 'ഓപ്പറേഷൻ ഗംഗ'. 'L367' എന്ന വർക്കിങ് ടൈറ്റിലിൽ പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം, 2022-ലെ റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 'ഒരു രാജ്യത്തിന്റെ വാഗ്ദാനം' (A Nation’s Promise) എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

ബോളിവുഡ് താരം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോർസെ, ആദിൽ ഹുസൈൻ, തമിഴ് നടൻ ആർ. പാർത്ഥിപൻ എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗെറ്റോ കിഡ്സ് കൂടി എത്തുന്നതോടെ ആഗോള തലത്തിലും ശ്രദ്ധ നേടുന്ന പാൻ-ഇന്ത്യൻ പ്രോജക്ടായി 'ഓപ്പറേഷൻ ഗംഗ' മാറിയിരിക്കുകയാണ്.

Tags:    
News Summary - Mohanlal Dances to 'Okela Okela' with Uganda's Ghetto Kids, Viral Video Wins Hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.