എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതോടെ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സംഗീത സംവിധായകൻ കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും കുടുംബാംഗങ്ങൾക്കും മാത്രമാണ് പുരസ്കാര വേദിയിലേക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചതെന്നും സംവിധായകൻ ഉൾപ്പെടെയുള്ളവർ പണം നൽകി ടിക്കറ്റെടുത്താണ് ഓസ്കർ വേദിയിലെത്തിയതെന്നും വാർത്ത പ്രചരിച്ചിരുന്നു. ദേശീയമാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടത്. പിന്നീട് പ്രചരിച്ച വാർത്തയെ തള്ളിക്കൊണ്ട് ആർ. ആർ. ആർ ടീം രംഗത്ത് എത്തിയിരുന്നു. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ ഓസ്കർ പ്രചരണത്തിനായി സംവിധായകൻ എസ്. എസ് രാജമൗലി 80 കോടി രൂപയോളം ചെലവഴിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ കുറിച്ച് വ്യക്തത വരുത്തുകയാണ് നിർമാതാവ് ഡി.വി.വി ധനയ്യ. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള വാർത്തകൾ താനും കേട്ടെന്നും ഓസ്കർ പ്രചരണത്തിനായി പണമൊന്നും ചെലവഴിച്ചിട്ടില്ലെന്നുമാണ് നിർമാതാവ് പറയുന്നത്.
'ഓസ്കർ പ്രചരണത്തിനായി ചെലവഴിച്ച പണത്തെക്കുറിച്ച് ഞാനും കേട്ടു. ഇതിനായി പണമൊന്നും ചെലവഴിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ആരും ഒരു അവാർഡ് ചടങ്ങിനായി 80 കോടി രൂപയൊന്നും ചെലവഴിക്കില്ല. അതിൽ ലാഭമൊന്നും ഉണ്ടാകില്ല'- ഡി.വി.വി ധനയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.