അഭിമുഖങ്ങളിൽ വന്ന് ആളുകളെ രസിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ളയാളാണ് ധ്യാൻ ശ്രീനിവാസൻ. രസകരമായ അനുഭവങ്ങൾ പങ്കുവെച്ചും സ്വയം ട്രോളിയും സ്വന്തം അച്ഛനെ വരെ കളിയാക്കിയും അദ്ദേഹം അഭിമുഖങ്ങളിൽ നിറഞ്ഞുനിൽക്കും. നടനായും സംവിധായകനുമായെല്ലം ധ്യാൻ മലയാള സിനിമയിൽ സജീവമാണ്. 2019ലാണ് ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ റിലീസായത്. നിവിൻ പോളി നായകാനായെത്തിയ ചിത്രത്തിൽ നയൻതാരയാണ് നായികാവേഷം കൈകാര്യം ചെയ്തത്.
ചിത്രത്തിൽ ധ്യാനിന്‍റെ അച്ഛൻ ശ്രീനിവാസനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ ശ്രീനിവാസനെ അഭിനയിക്കാൻ കൺവിൻസ് ചെയ്യിപ്പിച്ചതിനെ കുറിച്ചാണ് ധ്യാൻ ഇപ്പോൾ സംസാരിക്കുന്നത്.
'അമ്മാവൻ എം. മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം വന്നു തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോനായിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി.
ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങളായിരുന്നു. 'എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ' അങ്ങനെ അങ്ങനെ...ഞാൻ പറഞ്ഞു, 'നയൻതാരയാണ് നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?' അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്നു മറുപടി പറഞ്ഞു, ഞാൻ റെഡി, ' ധ്യാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.