സിഖ് സംഘടനകളുടെ എതിർപ്പ്; തന്റെ പുതിയ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത് ധ്രുവ് റാഠി

ന്റെ പുതിയ എ.ഐ-ജനറേറ്റഡ് വീഡിയോ 'ദി സിഖ് വാരിയർ - ദി സ്റ്റോറി ഓഫ് ബന്ദ സിങ് ബഹാദൂർ' ചാനലിൽ നിന്ന് നീക്കം ചെയ്ത് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. ഞായറാഴ്ച രാത്രി അപ്‌ലോഡ് ചെയ്ത വീഡിയോക്കെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌.ജി.പി.സി) ശക്തമായ എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്നാണ് ഇത്. 24 മിനിറ്റും 37 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ സിഖ് ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വീഡിയോയിൽ ചരിത്രപരമായ കൃത്യതയില്ലായ്മകളും തെറ്റായ വിവരണങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് എസ്‌.ജി.പി.സി അവകാശപ്പെടുന്നത്.

സിഖ് ഗുരുക്കന്മാരുടെയും, രക്തസാക്ഷി യോദ്ധാക്കളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ആനിമേറ്റഡ് ചിത്രീകരണങ്ങൾ സൃഷ്ടിക്കാൻ ധ്രുവ് നിർമിതബുദ്ധി സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി. ഈ ചിത്രീകരണങ്ങളും വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സിഖ് സമൂഹത്തിന് അവരുടെ ചരിത്രം മനസ്സിലാക്കാനോ പഠിക്കാനോ ധ്രുവ് റാഠിയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്ന് എസ്‌.ജി.പി.സി ജനറൽ സെക്രട്ടറി ഗുർചരൺ സിങ് ഗ്രേവാൾ പറഞ്ഞു. ഗുരു തേജ് ബഹാദൂറിന്റെയും ബാബ ബന്ദ സിങ് ബഹാദൂറിന്റെയും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട നിരവധി നിർണായക ചരിത്ര വസ്തുതകളെ ധ്രുവ് തെറ്റായി ചിത്രീകരിച്ചതായും അദ്ദേഹം ആരോപിച്ചു.

ശിരോമണി അകാലിദൾ പ്രസിഡന്റും പഞ്ചാബ് മുൻ ഡി.സി.എമ്മുമായ സുഖ്ബീർ സിങ് ബാദൽ വീഡിയോയെ അപലപിച്ചു. ഇത്തരം ചിത്രീകരണങ്ങൾ 'സിഖ് റേഹത് മര്യാദ'യെ ലംഘിക്കുന്നതാണെന്നും ഇത് സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് ശേഷം വീഡിയോ പിൻവലിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ആളുകളുടെ അഭിപ്രായം തേടുന്നതിനായി സമൂഹമാധ്യമത്തിൽ ധ്രുവ് അഭിപ്രായ സർവേയും സൃഷ്ടിച്ചിരുന്നു.

വിവാദമായ വീഡിയോയിൽ സിഖ് ഗുരുക്കന്മാരുടെ രക്തസാക്ഷിത്വത്തിന്റെയും മുഗൾ അതിക്രമങ്ങളുടെയും അവരുമായുള്ള യുദ്ധങ്ങളുടെയും കഥയാണ് ധ്രുവ് വിവരിച്ചത്. ഗുരു തേജ് ബഹാദൂർ എങ്ങനെ രക്തസാക്ഷിയായി, ഗുരു ഗോവിന്ദ് സിങ് എങ്ങനെ ഖൽസ പന്ത് സ്ഥാപിച്ച് പഞ്ച് പ്യാരെ തിരഞ്ഞെടുത്തു, അദ്ദേഹത്തിന്റെ കുട്ടികൾ എങ്ങനെ രക്തസാക്ഷികളായി, എന്നിങ്ങനെ നിരവധി കാര്യങ്ങൾ ധ്രുവ് വിശദീകരിച്ചു. സിഖ് യോദ്ധാവ് ബന്ദ സിങ് ബഹാദൂറിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം വീഡിയോയിൽ നൽകിയിട്ടുണ്ട്.

വീഡിയോയുടെ ഉള്ളടക്കം സിഖ് തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് എസ്‌.ജി.പി.സി പ്രസ്താവിച്ചു. ബന്ദാ സിങ് ബഹാദൂറിനെ 'റോബിൻ ഹുഡ്' എന്ന് പരാമർശിച്ചതിനെയും അവർ എതിർത്തു. ബന്ദ സിങ് ബഹാദൂർ പാവപ്പെട്ട കർഷകരെ സഹായിക്കാൻ രാജാക്കന്മാരിൽ നിന്നും ഭൂവുടമകളിൽ നിന്നും സമ്പത്ത് കൈപ്പറ്റിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. യൂട്യൂബർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Dhruv Rathee Takes Down His Video About sikhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.