രൺവീർ സിങ്, ദീപിക പദുകോൺ
രൺവീർ സിങ് നായകനായ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിനിടയിലും ദീപിക പദുകോൺ പുലർത്തിയ നിശബ്ദത വലിയ വാർത്തയായിരുന്നു. ചിത്രത്തെക്കുറിച്ച് ദീപിക ഒരു പോസ്റ്റ് പോലും ഇട്ടില്ലെന്നും, പ്രീമിയർ ഷോ ഒഴിവാക്കി സിത്താർ കൺസേർട്ടിന് പോയെന്നുമൊക്കെയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിനെല്ലാം നർമ്മം കലർന്ന മറുപടി നൽകിയിരിക്കുകയാണ് ദീപിക.
സംവിധായകൻ ആദിത്യ ധറിന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തെ ദീപിക കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന രീതിയിൽ ഒരു ഇൻസ്റ്റാഗ്രാം വിഡിയോ പ്രചരിച്ചിരുന്നു. ഇത് ദീപിക മനപൂർവ്വം ചെയ്യുന്നതാണോ അതോ ഇന്റർനെറ്റ് വെറുതെ ഓരോന്ന് സങ്കൽപ്പിക്കുകയാണോ? എന്നായിരുന്നു വിഡിയോയിലെ ചോദ്യം.
ചൊവ്വാഴ്ച രാത്രി ഇതിന് കമന്റിലൂടെ ദീപിക മറുപടി നൽകി: ‘ഇന്റർനെറ്റ് വെറുതെ ഓരോന്ന് സങ്കൽപ്പിക്കുകയാണ് സുഹൃത്തേ... നിങ്ങളാരും കാണുന്നതിനും എത്രയോ മുമ്പേ ഞാൻ ഈ സിനിമ കണ്ടു കഴിഞ്ഞു. അപ്പോൾ ഇപ്പോൾ ആർക്കാണ് അമളി പറ്റിയത്? കൂടെ ഒരു കുസൃതി നിറഞ്ഞ ഇമോജിയും താരം പങ്കുവെച്ചു.
ചിത്രത്തിന്റെ വൻ വിജയത്തെക്കുറിച്ച് ദീപിക ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും പങ്കുവെച്ചില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിട്ടും ദീപിക പ്രതികരിക്കാത്തത് അസൂയ കൊണ്ടാണെന്ന് വരെ ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിഹാസരൂപേണയുള്ള മീമുകളും ദീപികയെ ലക്ഷ്യമിട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ, ദീപികക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ശക്തമായ മറുപടിയുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ‘അവർ ഒരുമിച്ച് ജീവിക്കുന്നവരാണ്, സ്നേഹം പ്രകടിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പോസ്റ്റ് തന്നെ വേണമെന്ന് നിർബന്ധമുണ്ടോ?’ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ആദിത്യ ധർ സംവിധാനം ചെയ്ത ഒരു സ്‌പൈ ആക്ഷൻ ത്രില്ലറാണ് 'ധുരന്ധർ'. രൺവീർ സിങ്ങിനൊപ്പം അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ലോകമെമ്പാടുമായി 1000 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ധുരന്ധറിന്റെ ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തതെങ്കിൽ, 'ധുരന്ധർ: ദി റിവഞ്ച്' എന്ന രണ്ടാം ഭാഗം ജിയോ ഹോട്ട്സ്റ്റാറിലായിരിക്കും റിലീസ് ചെയ്യുന്നത്. 150 കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തിയറ്റർ റിലീസ് കഴിഞ്ഞ് എട്ട് ആഴ്ചകൾക്കുള്ളിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.