തുടർച്ചയായി വിവാദങ്ങൾക്ക് ഇരയാവുകയാണ് ബോളിവുഡ് നടി ദീപിക പദുകോൺ. അബൂദാബി ടൂറിസത്തിന്‍റെ ഭാഗമായി അഭിനയിച്ച പരസ്യത്തിലെ താരത്തിന്‍റെ വസ്ത്രമാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഭർത്താവും നടനുമായ രൺവീർ സിങ്ങിനൊപ്പമാണ് പരസ്യം ചിത്രീകരിച്ചിക്കുന്നത്. ലൂവെർ മ്യൂസിയത്തിൽ പാന്‍റും ടീ-ഷർട്ടും ധരിച്ച താരം ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിലെത്തുമ്പോൾ അബായയാണ് ധരിച്ചിരുന്നത്. ഇതാണ് വിമർശകരെ ചൊടിപ്പിച്ചത്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഒരാൾ എങ്ങനെ മതപരമായ ആചാരത്തിന് ‘കീഴടങ്ങും’ എന്ന ചോദ്യമാണ് നടിക്കെതിരെ ഉയർന്ന വിമർശനങ്ങളിലധികവും. 2015ൽ വോഗ് ഇന്ത്യക്ക് വേണ്ടി ദീപിക ചെയ്ത ‘മൈ ചോയ്‌സ്’ (എന്‍റെ ഇഷ്ടം) കാമ്പെയ്‌നിനെ ബന്ധപ്പെടുത്തിയാണ് ദീപികയുടെ വസ്ത്രരീതിയെ ചോദ്യം ചെയ്യുന്നത്.
ദീപിക അബായ ധരിച്ചത് അവരുടെ ഫെമിനിസ്റ്റ് നിലപാടിന് വിരുദ്ധമാണെന്നും വിമർശകർ വാദിച്ചു. എന്നാൽ ഈ പരസ്യം ദീപിക പദുക്കോണിന്‍റെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു സംസ്‌കാരത്തെ ആദരിക്കാനുള്ള, അവരുടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ ആരാധനാലയത്തിൽ മാന്യമാണ് എന്ന് ദീപികക്ക് തോന്നുന്ന വസ്ത്രമാണവർ തിരഞ്ഞെടുത്തത്.
ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസമെങ്കിൽ അബായ ധരിക്കുന്നത് അതിന് വിരുദ്ധമാണ് എന്നാണ് വിമർശകരിൽ ഒരാൾ എക്സിൽ കുറിച്ചത്. എന്നാൽ അബായ എന്ന വസ്ത്രത്തെ തെറ്റായി മനസിലാക്കിയതാണ് ഇത്തരം വിമർശനങ്ങളുടെ ആധാരം. അബായ എന്നത് ‘ശൈലീപരമായ’ ഒരു തിരഞ്ഞെടുപ്പല്ല. മറിച്ച് പള്ളിയിൽ പ്രവേശിക്കാനാവശ്യമായ നിർബന്ധിത ഡ്രസ് കോഡാണ്. മറ്റേത് വിനോദസഞ്ചാരിയെയും പോലെ ദീപിക അവിടെയുള്ള നിയമം പാലിച്ചുവെന്നു മാത്രം.
സാംസ്‌കാരികപരമായ ആദരവിനെ കീഴ്‌വഴക്കമായി തെറ്റിദ്ധരിക്കുന്നതാണ് വിശർശനങ്ങൾക്ക് കാരണമാകുന്ന മറ്റൊരു കാര്യം. ഒരു പുരുഷന്‍റെ തിരഞ്ഞെടുപ്പിനേക്കാൾ കർശനമായി ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പിനെയാണ് ചോദ്യം ചെയ്യുന്നത്. പരസ്യത്തിലഭിനയിച്ച രൺവീർ സിങ് ഷെർവാണിക്ക് സമാനമായ വേഷത്തിലാണ് എത്തിയത്. വർഷങ്ങളായി അബുദാബി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. പക്ഷെ വിമർശനത്തിന്‍റെ മുന ദീപികക്ക് മാത്രമാണ്.
‘സ്വന്തം ഇഷ്ടം’ എന്ന് വിളിച്ചുപറയുന്നവർ തന്നെയാണ് ഒരു സ്ത്രീ തങ്ങളുടെ ചിന്താഗതിക്ക് അനുസൃതമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ആ സ്വാതന്ത്ര്യം എടുത്തുമാറ്റാൻ ശ്രമിക്കുന്നതെന്ന വിരോധാഭാസമാണ് ഇവിടെ പ്രകടമാകുന്നത്. ഫെമിനിസം എന്നാൽ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഒരു സ്ത്രീ തിരഞ്ഞെടുക്കുന്ന മോഡേൺ വസ്ത്രങ്ങളും ബുർഖയും അബായയുമെല്ലാം ആ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. പക്ഷേ, അതിന് പകരം വിമർശകരുടെ വ്യക്തിപരമായ ആശയങ്ങളുമായി പൊരുത്തപ്പെടുമ്പോൾ മാത്രമേ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കാൻ കഴിയൂ എന്ന നിലപാട് കാപട്യമാണ്.
സ്വാതന്ത്ര്യത്തെ പ്രശംസിക്കുകയും ബഹുമാനത്തെ അപലപിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് മതത്തോടോ പുരുഷാധിപത്യത്തോടോ അല്ല. മറിച്ച് ഒറ്റ ചിന്താഗതിയിൽ മാത്രം ഒതുങ്ങാൻ വിസമ്മതിക്കുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ ആഴത്തിലുള്ള അസ്വസ്ഥതയാണ് വെളിപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.