രാഷ്ട്രീയ പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ചു; വിജയ്‌ക്കെതിരെ ബാലാവകാശ കമീഷനിൽ പരാതി

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ വീണ്ടും പരാതി. രാഷ്ട്രീയ വിജയത്തിനായി കുട്ടികളെ മുൻനിർത്തി വോട്ട് അഭ്യർത്ഥിച്ചു എന്ന് ആരോപിച്ചാണ് നടനെതിരെ ബാലാവകാശ കമീഷനിൽ പരാതി എത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി വിജയ് കുട്ടികളെ ചൂഷണം ചെയ്തെന്നാണ് ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടന നൽകിയ പരാതിയിൽ പറയുന്നത്.

'ടി.വി.കെ.ക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിൽ നിർത്തിയത് നിയമവിരുദ്ധമായ കാര്യമാണ്. രാഷ്ട്രീയപരമായ സ്വാർത്ഥ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരേ കർശന നടപടി വേണം' എന്നും പരാതിയിൽ സംഘടന ആവശ്യപ്പെടുന്നു. വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും, സംഭവത്തിൽ വിജയ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ബാലാവകാശ കമീഷനോട് ആവശ്യപ്പെട്ടു.

വീട്ടിലെ മുതിർന്നവരോട് തനിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടണമെന്ന് കഴിഞ്ഞ ദിവസം നടന്ന പ്രചാരണത്തിൽ വിജയ് കുട്ടികളോട് അഭ്യർത്ഥിച്ചിരുന്നു. 'പുത്തൻ വസ്ത്രങ്ങൾക്കും കിൻഡർ ജോയിക്കുമായി നിങ്ങൾ വാശിപിടിക്കാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്‌യെ വിജയിപ്പിക്കണമെന്നും മുതിർന്നവരോട് ആവശ്യപ്പെടണം,' എന്നായിരുന്നു താരത്തിന്റെ നിർദേശം. വോട്ട് ചെയ്യാൻ മടിക്കുന്നവരെ നിർബന്ധിച്ച് പോളിങ് ബൂത്തിലെത്തിക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞിരുന്നു.

Tags:    
News Summary - Complaint filed against Vijay in Child Rights Commission for using children in political campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.