‘നിങ്ങൾക്കൊപ്പമുണ്ടാകാൻ ആഗ്രഹിച്ചു’; ബത്തയുടെ വിജയത്തിൽ കേരളത്തിന് നന്ദി പറഞ്ഞ് വിജയ് സേതുപതി
തന്റെ പുതിയ ചിത്രമായ 'ബത്ത'ക്ക് മികച്ച സ്വീകരണവും പിന്തുണയും നൽകിയ കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് നടൻ വിജയ് സേതുപതി. ചിത്രത്തിന്റെ വിജയം പ്രേക്ഷകർക്കൊപ്പം നേരിട്ടെത്തി ആഘോഷിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിക്കാത്തതിലെ വിഷമവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
‘ബത്തക്ക് ഇത്രയധികം സ്നേഹം നൽകിയതിന് കേരളത്തിന് വലിയൊരു നന്ദി! നിങ്ങൾ ഓരോരുത്തർക്കുമൊപ്പം നേരിട്ടെത്തി വിജയം ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദൂരെ നിന്നാണെങ്കിലും എൻ്റെ സ്നേഹം ഞാൻ നിങ്ങളിലേക്ക് അയക്കുന്നു. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങളുടെ ചിത്രത്തിന് തുടർന്നും നൽകുക’ വിജയ് സേതുപതി കുറിച്ചു.
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും കലക്ഷനിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സാക്നിൽക് വിവരങ്ങൾ പ്രകാരം 11 ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് ആകെ 23.20 കോടി രൂപ നെറ്റ് കലക്ഷനും, ഗ്രോസ് കലക്ഷനായി 26.81 കോടി രൂപയും സ്വന്തമാക്കി. റിലീസ് ചെയ്ത ആദ്യ വാരത്തിൽ മാത്രം 15.46 കോടി രൂപയാണ് ചിത്രം നേടിയത്. പതിനൊന്നാം ദിവസത്തിൽ രാജ്യത്തുടനീളം 1,767 ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്.
1986ലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ 'ബത്ത' എന്ന ക്രൂരനായ ഗ്യാങ്സ്റ്ററായാണ് വിജയ് സേതുപതി എത്തുന്നത്. ഒരു എട്ടുവയസ്സുകാരൻ അബദ്ധത്തിൽ ബത്തയെ സ്കൂൾ ടോയ്ലറ്റിനുള്ളിൽ പൂട്ടിയിടുന്നതോടെയാണ് കഥ തിരിയുന്നത്. തുടർന്ന് ഇരുവരും തമ്മിൽ രൂപപ്പെടുന്ന സൗഹൃദവും ആ കുട്ടിയുടെ സാന്നിധ്യവും ഗ്യാങ്സ്റ്ററുടെ ജീവിതത്തിലും മനോഭാവത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാലാജി ധരണിധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലിജോമോൾ ജോസാണ് നായിക. സായ് പൃഥ്വിരാജ്, സഹസ്ര ശ്രീ, ശാന്തി ബാലചന്ദ്രൻ, ഹരി കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘വില്ലത്തരങ്ങളെയോ അക്രമങ്ങളെയോ മഹത്വവൽക്കരിക്കാത്ത, പരമ്പരാഗത ലാർജർ ദാൻ ലൈഫ് രീതിയിലല്ലാത്ത ഒരു ഗ്യാങ്സ്റ്റർ കഥ പറയാനാണ് ഞാൻ ആഗ്രഹിച്ചത്. ഗ്യാങ്സ്റ്ററുടെ ശക്തിയേക്കാൾ അതിന് പിന്നിലെ ദേഷ്യം, ഈഗോ, അരക്ഷിതാവസ്ഥ, ഭയം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ഒരു ഫീൽ-ഗുഡ് ഇമോഷണൽ ഡ്രാമയായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ ബാലാജി ധരണിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.