ഭാരതി സിങ് 

അമ്മ ഗർഭഛിദ്രത്തിന് ശ്രമിച്ചു, പൊക്കിൾക്കൊടി മുറിക്കാൻ വയറ്റാട്ടിക്ക് 60 രൂപ നൽകി, അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ...- ഭാരതി സിങ് പറയുന്നു

ഇന്ത്യയിലെ പ്രമുഖ ഹാസ്യനടിയും ടെലിവിഷൻ താരവുമാണ് ഭാരതി സിങ്. ഇപ്പോഴിതാ തന്‍റെ ചെറുപ്പകാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചും സംസാരിക്കുകയാണ് ഭാരതി. അമ്മ തന്നെ ഗർഭിണിയായിരിക്കുന്ന സമയത്ത് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് ഭാരതി പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ കഷ്ടപ്പെടുകയായിരുന്നു. വീട്ടുജോലിക്കാരിയായി ജോലി ചെയ്താണ് അവർ ജീവിച്ചിരുന്നത്. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

'അക്കാലത്ത്, സ്ത്രീകൾ ഗർഭിണിയാണെന്ന് പോലും അറിയുമായിരുന്നില്ല. ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അമ്മ എന്നെ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. അവർക്ക് മറ്റ് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അങ്ങനെ ഗർഭഛിദ്രം ചെയ്യാൻ കഠിനമായി ശ്രമിച്ചു. വിചിത്രമായ ഔഷധസസ്യങ്ങൾ കഴിച്ചു. ഗർഭകാലത്ത് കഴിക്കരുതെന്ന് പറയുന്ന ഭക്ഷണങ്ങൾ കഴിക്കുമായിരുന്നു. പക്ഷേ ഞാൻ ജനിക്കാൻ വിധിക്കപ്പെട്ടിരുന്നു. അമ്മ വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു പ്രസവം. പൊക്കിൾക്കൊടി മുറിക്കാൻ വയറ്റാട്ടിക്ക് 60 രൂപ അവർ നൽകി. ഞാൻ എപ്പോഴും പറയാറുണ്ട്, 'എനിക്ക് 60 രൂപ ചിലവായി' എന്ന്' -ഭാരതി പറഞ്ഞു.

ജീവിത സാഹചര്യങ്ങൾ കൊണ്ട് ഇനിയൊരു കുട്ടിയെകൂടി വളർത്താൻ കഴിയില്ലെന്ന് അമ്മക്ക് അറിയുമായിരുന്നു എന്നും താരം പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ചിൽ പങ്കെടുക്കാൻ കോൾ ലഭിച്ചപ്പോൾ, തന്നെ മുംബൈയിലേക്ക് കൊണ്ടുപോകരുതെന്ന് ബന്ധുക്കൾ അമ്മക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഭാരതി പറഞ്ഞു. താൻ പീഡിപ്പിക്കപ്പെടുമെന്ന് അവർ ഭയപ്പെട്ടു. അന്ന് അമ്മ ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, താൻ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഭാരതി പറഞ്ഞു. ഇപ്പോൾ അമ്മക്ക് ഒന്നര കോടിയുടെ വീട് വാങ്ങിനൽകാനായതോർത്ത് ഭാരതി സന്തോഷിക്കുന്നു.

'എന്റെ അമ്മ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ മരിച്ചാൽ എനിക്ക് ജീവിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം അമ്മക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയപ്പോൾ, ഒരു ദിവസം ഞാൻ അവരോടൊപ്പം പുരി സന്ദർശിക്കണമെന്ന് തോന്നി. അത് സംഭവിച്ചു. ഞാൻ ഒരു ദൈവഭക്തയാണ്, എനിക്ക് രണ്ട് ദൈവങ്ങളുണ്ട്; എന്റെ അമ്മയും സർവശക്തനും. അമ്മയെ നഷ്ടപ്പെടുമോ എന്ന് ഞാൻ ശരിക്കും ഭയപ്പെടുന്നു -ഭാരതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Comedian Bharti Singh about mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.