ചിത്ര അയ്യർ, ശാരദ അയ്യർ
മലയാളികൾക്ക് ഗായികയായും നടിയായും ഏറെ സുപരിചിതയായ താരമാണ് ചിത്ര അയ്യർ. തന്‍റെ സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയം തകർന്നിരിക്കുകയാണ് അവർ. മസ്കത്തിൽ ട്രക്കിങിനിടെ ഉണ്ടായ അപകടത്തിലാണ് ചിത്രയുടെ സഹോദരി ശാരദ അയ്യർ മരണപ്പെട്ടത്. യാത്രകൾ ചെയ്യാനും പ്രയാസങ്ങൾ മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശാരദ. കുടുംബത്തിലുണ്ടായ ഈ അപ്രതീക്ഷിത മരണം തങ്ങളുടെ ഹൃദയം തകർത്തെന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര.
"എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോടെ ഒമാനിലെ മസ്‌കത്തിൽ ട്രെക്കിങ്ങിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ അന്തരിച്ചു. ഞങ്ങൾ എല്ലാവരും അതീവ ദുഃഖിതരും ഹൃദയം തകർന്ന അവസ്ഥയിലുമാണ്," ശാരദയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചു. ചിത്രയുടെ പിതാവ് രാജദുരൈ അയ്യർ കഴിഞ്ഞ ഡിസംബർ 11നാണ് അന്തരിച്ചത്. രോഹിണി അയ്യരാണ് മാതാവ്. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുമ്പെയാണ് ശാരദയുടെ അകാല വിയോഗം. അപ്രതീക്ഷിതമായി ഉണ്ടായ തീരാ നഷ്ടത്തിന്‍റെ നടുക്കത്തിലും വേദനയിലുമാണ് ചിത്രയുടെ കുടുംബം.
2000ത്തിന്‍റെ തുടക്കത്തിൽ എ.ആർ. റഹ്മാനോടൊപ്പം നിരവധി തമിഴ് ചിത്രങ്ങളിൽ പിന്നണി ഗായികയായി ചിത്ര അയ്യർ പ്രവർത്തിച്ചിട്ടുണ്ട്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഇവർ അഞ്ചിൽ അധികം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ നിരവധി റിയാലിറ്റി ഷോകളിലും സിനിമയിലും ചിത്ര ഭാഗമായി. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ ‘ചുണ്ടത്ത് ചെത്തിപ്പൂ’ എന്ന ഹിറ്റ് ഗാനം ചിത്ര ആലപിച്ചതാണ്.
കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനിയാണ് 52കാരിയായ ശാരദ അയ്യർ. ഒമാൻ എയർ മുൻ മാനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം. വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ശംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.