'എനിക്ക് അർബുദമായിരുന്നില്ല, കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ പ്രചരിപ്പിക്കരുത്'; രോഗവാർത്തയെ കുറിച്ച് ചിരഞ്ജീവി

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി അർബുദ രോഗത്തിന് ചികിത്സ തേടിയെന്നുളള വാർത്ത തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഒരു കാൻസർ  സെന്റർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞ വാക്കുകളാണ്  വാർത്തക്ക് അടിസ്ഥാനം. ഒരിക്കൽ നടത്തിയ പരിശോധനയിൽ  ശരീരത്തിൽ നോൺ കാൻസെറസ് പോളിപ്സുകൾ കണ്ടെത്തിയെന്നും അത് നീക്കം ചെയ്തുവെന്നുമായിരുന്നു ചിരഞ്ജീവി   പറഞ്ഞത്.  

നടന്റെ അർബുദ വാർത്ത വലിയ ചർച്ചയായതോടെ  സത്യാവസ്ഥ വെളിപ്പെടുത്തി ചിരഞ്ജീവി രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും കാര്യങ്ങൾ മനസിലാക്കാതെ തെറ്റായ വാർത്ത നൽകരുതെന്നുമാണ് താരം പറയുന്നത്. പതിവായി വൈദ്യപരിശോധന നടത്തിയാൽ കാൻസർ തടയാൻ കഴിയുമെന്നാണ്   പറഞ്ഞത്.എന്നാൽ ചില മാധ്യമങ്ങൾ താൻ പറഞ്ഞത് മനസിലാക്കാതെ വാക്കുകൾ വളച്ചൊടിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

'ഒരു കാൻസർ സെന്റർ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രോഗത്തെ കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. പതിവായി വൈദ്യപരിശോധന നടത്തിയാൽ കാൻസർ തടയാൻ കഴിയുമെന്ന്  ജനങ്ങളോട് പറഞ്ഞിരുന്നു.

കരുതലിന്റെ ഭാഗമായി ഞാൻ കോളനോസ്കോപി ടെസ്റ്റ് നടത്തിയതിനെ കുറിച്ചും  അവിടെ സംസാരിച്ചിരുന്നു. ടെസ്റ്റിൽ കാൻസർ അല്ലാത്ത ഒരുതരം പോളിപ്സ് കണ്ടെത്തിയെന്നും വൈകാതെ നീക്കം ചെയ്തുവെന്നും  പറഞ്ഞിരുന്നു. അന്ന് ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അത് അർബുദത്തിലേക്ക് നയിക്കുമായിരുന്നു. അതുകൊണ്ട് എല്ലാവരും  കൃത്യമായി വൈദ്യപരിശോധന നടത്തണമെന്നാണ് പറഞ്ഞത്. എന്നാൽ ചില മാധ്യമങ്ങൾ ഞാൻ പറഞ്ഞത് കൃത്യമായി മനസിലാക്കാതെ എനിക്ക് കാൻസറാണെന്ന് എഴുതി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വാർത്തകൾ കൊടുത്തു.

ഇത് ഇപ്പോൾ  അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി പേർ  എന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചുകൊണ്ട് സന്ദേശങ്ങൾ അയക്കുന്നുണ്ട്. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. ഒരു കാര്യം കൃത്യമായി മനസിലാക്കാതെ എഴുതരുത്. തെറ്റായ പ്രചാരണങ്ങൾ പലരേയും ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും- ചിരഞ്ജീവി കൂട്ടിച്ചേർത്തു.

Tags:    
News Summary - Chiranjeevi Opens Up about rumours of getting cancer,Non-cancerous polyps were removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.