ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു

ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് എട്ട് വയസ്സുള്ള ടെലിവിഷൻ താരവും സഹോദരനും മരിച്ചു. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷൻ താരം വീർ ശർമയും സഹോദരനുമാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് ഇരുവരുടെയും മരണകാരണം.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ ആ സമയത്ത് മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാന്‍റെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നു എന്ന് റിപ്പോർട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്.പി തേജേശ്വനി ഗൗതം പറഞ്ഞു. ഡ്രോയിങ് റൂമിലാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് മുറികളിലേക്ക് പടരാത്തതിനാൽ കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നതായും എസ്.പി പറഞ്ഞു.

അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിങ്ങിന്‍റെ നാലാം നിലയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

കെട്ടിടത്തിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണക്കാൻ കഴിഞ്ഞതായും അഗ്നിശമന സേനയെ വിളിച്ചില്ലെന്നും ഒരു അയൽക്കാരൻ പറയുന്നു. സ്വീകരണമുറി പൂർണമായും കത്തിനശിച്ചതായും ഫർണിച്ചറുകൾ ചാരമായതായും പൊലീസ് അറിയിച്ചു.

അമ്മ മുംബൈയിൽ നിന്ന് എത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിയത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരം, കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിന് ദാനം ചെയ്തു. ബി.എൻ.എസ്.എസ് ആക്ടിലെ സെക്ഷൻ 194 പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്‍റെയും മരണത്തിന്‍റെയും കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Child actor, his brother die of asphyxiation in Kota apartment blaze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.