നോ എന്‍ട്രി, അപ്‌ന സപ്‌ന മണി മണി, മണി ഹേ തോ ഹണി ഹേ, ഗോല്‍മാല്‍ റിട്ടേണ്‍സ്, താങ്ക് യു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരമാണ് സെലീന ജെയ്റ്റ്‌ലി. അടുത്തിടെ താരം ഭർത്താവ് പീറ്റർ ഹാഗിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് സെലീന. തന്റെ ജീവിതത്തിലെ ഈ ദുഷ്‌കരമായ ഘട്ടത്തെക്കുറിച്ചും പ്രിയപ്പെട്ടവരിൽ നിന്ന് ഒരു പിന്തുണയുമില്ലാത്തതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു.
“എന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ, ഏറ്റവും പ്രക്ഷുബ്ധമായ കൊടുങ്കാറ്റിന്റെ നടുവിൽ, ഞാൻ ഒറ്റക്ക് പോരാടിക്കൊണ്ട് ഇത് ചെലവഴിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. മാതാപിതാക്കളില്ലാതെ, ഒരു പിന്തുണയുമില്ലാതെ, എന്റെ ലോകത്തിന്റെ മേൽക്കൂര നിലനിന്നിരുന്ന എല്ലാ തൂണുകളും ഇല്ലാത്ത ഒരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ മാതാപിതാക്കൾ, എന്റെ സഹോദരൻ, എന്റെ കുട്ടികൾ, ഒപ്പം എന്നോടൊപ്പം നിൽക്കാമെന്നും, എന്നെ സ്നേഹിക്കാമെന്നും, പരിപാലിക്കാമെന്നും, എല്ലാ ദുരിതങ്ങളും എന്നോടൊപ്പം താങ്ങാമെന്നും വാഗ്ദാനം ചെയ്തയാൾ ഇവരാരും ഇപ്പോൾ കൂടെയില്ല” സെലീന കുറിച്ചു.
“ജീവിതം എന്നിൽ നിന്ന് എല്ലാം കവർന്നെടുത്തു. ഞാൻ വിശ്വസിച്ച ആളുകൾ എന്നെ വിട്ടുപോയി. ഞാൻ പ്രതീക്ഷയർപ്പിച്ച വാഗ്ദാനങ്ങൾ നിശബ്ദമായി തകർന്നു. പക്ഷേ ആ കൊടുങ്കാറ്റ് എന്നെ മുക്കിക്കളഞ്ഞില്ല. അത് എന്നെ രക്ഷപ്പെടുത്തി. ആ പ്രക്ഷുബ്ധമായ വെള്ളത്തിൽ നിന്ന് എന്നെ ഊഷ്മളമായ മണലിലേക്ക് വലിച്ചെറിഞ്ഞു. മരിക്കാൻ വിസമ്മതിക്കുന്ന, എന്റെയുള്ളിലെ സ്ത്രീയെ കണ്ടുമുട്ടാൻ അത് എന്നെ നിർബന്ധിതയാക്കി.
എന്റെ സൈനികനായ സഹോദരനുവേണ്ടി പോരാടുക, എന്റെ കുട്ടികളുടെ സ്നേഹത്തിനുവേണ്ടി പോരാടുക, എന്റെ അന്തസ്സിനുവേണ്ടി പോരാടുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. എന്നെ ഉപദ്രവിച്ചതിനും ഉപേക്ഷിച്ചതിനും എതിരായി ഗാർഹിക പീഡന പരാതി ഫയൽ ചെയ്തിട്ടുണ്ട്. ഇത് എന്നെ തകർക്കാൻ കഴിയാത്ത ഒരു വർഷമായിരിക്കും. കൊടുങ്കാറ്റിനേക്കാൾ ഉയരത്തിൽ ഞാൻ പറന്നുയരുന്ന ഒരു വർഷമായിരിക്കും ഇത്. എന്നിൽ നിന്ന് എടുത്തുമാറ്റിയതെല്ലാം ഞാൻ തിരിച്ചുപിടിക്കുന്ന ഒരു വർഷമായിരിക്കും ഇത്” -സെലീന പോസ്റ്റിൽ വ്യക്തമാക്കി.
ഭര്‍ത്താവ് പീറ്റര്‍ ഹാഗിനെതിരെ ഗാര്‍ഹിക പീഡനത്തിന് നവംബര്‍ 21 ന് മുംബൈ കോടതിയിലാണ് സെലിന ഹരജി സമര്‍പ്പിച്ചത്. ഭര്‍ത്താവ് കാരണമുണ്ടായ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഒരു ഓസ്ട്രിയന്‍ സംരംഭകനും ഹോട്ടല്‍ ഉടമയുമാണ് 48 കാരനായ പീറ്റര്‍ ഹാഗ്. 2010 ലാണ് ജെയ്റ്റ്‌ലിയും ഹാഗും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്. ഓസ്ട്രിയയിൽ പിതാവിനൊപ്പം താമസിക്കുന്ന കുട്ടികളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നും ജീവനാംശമായി പ്രതിമാസം 10 ലക്ഷം നൽകണമെന്നും സെലീന ആവശ്യപ്പെട്ടിരുന്നു.
പീറ്ററിൽനിന്ന് വൈകാരികവും, ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും സെലീന ആരോപിക്കുന്നുണ്ട്. സെലീനയും പീറ്ററും ഡേറ്റ് ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ത്രീയുമായി പീറ്റർ ലിവ് ഇൻ റിലേഷനിലായിരുന്നുവെന്നും അത് പിന്നീടാണ് സെലീന അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. സെലീനയുടെ കൈയിലുള്ള എല്ലാ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും പീറ്റർ വാങ്ങിച്ചെടുത്തുവെന്നും താരം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.