ഓർമകളെ മരിക്കാൻ അനുവദിക്കില്ല; ശ്രീദേവിയുടെ ചെന്നൈ വീട്​ പുതുക്കിപ്പണിയുമെന്ന്​ ബോണി കപൂർ

ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നടിയാണ്​ ശ്രീദേവി. പ്രമുഖ സിനിമാ നിർമാതാവ് ബോണി കപൂറാണ്​ ശ്രീദേവിയുടെ ജീവിതപങ്കാളി. 2018ല്‍ ദുബൈയില്‍ വച്ചാണ് ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. പിന്നീട് താരസുന്ദരിയുടെ മരണത്തില്‍ വിവാദങ്ങളേറെ ഉയര്‍ന്നുകേട്ടു. ശ്രീദേവിയെ കൊന്നതാണ്, ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്നിങ്ങനെ പല വാദങ്ങളും വന്നു.

എന്നാല്‍ അതൊരു അപകടമരണമായിരുന്നു എന്ന് തന്നെയാണ് അവസാനം വരെയും വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ അടിവരയിട്ട് പറഞ്ഞത്. ബോധരഹിതയായി ബാത്ത്ടബ്ബിലേക്ക് വീഴുകയും എഴുന്നേല്‍ക്കാനാകാഞ്ഞതിനാല്‍ മുങ്ങിമരിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ബോണി കപൂര്‍ കാര്യമായ പ്രതികരണങ്ങള്‍ നടത്താതിരുന്നതും വിവാദങ്ങള്‍ക്ക് കൊഴുപ്പേകിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവിയുടെ മരണത്തെകുറിച്ച് ബോണി കപൂര്‍ തുറന്നുപറഞ്ഞിരുന്നു.

തന്‍റെ ഭാര്യ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി 'ലോ സാള്‍ട്ട്' ഡയറ്റ് പാലിച്ചിരുന്നുവെന്നും ഇത് ഇടയ്ക്കിടെ അവരുടെ ബിപി കുറയ്ക്കുകയും ബോധരഹിതയായി വീഴുന്നതിലേക്ക് വരെ അവരെ നയിക്കുകയും ചെയ്തുവെന്നാണ് ബോണി കപൂര്‍ വെളിപ്പെടുത്തിയത്.

ചെന്നൈ വീട്​ പുതുക്കിപ്പണിയും

ശ്രീദേവി ജനിച്ചതും വളർന്നതും ചെന്നൈയിലാണ്​. അവിടെയാണ്​ അവരുടെ കുടുംബ വീട്​. ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും മക്കളായ ജാൻവി, ഖുഷി എന്നിവർക്ക്​ പ്രിയപ്പെട്ട ഇടമാണ്​ അമ്മയുടെ ഈ വീട്​. ഈ വീട്​ പുതുക്കിപ്പണിയാനൊരുങ്ങുകയാണ്​ ബോണി കപൂർ ഇപ്പോൾ. മക്കൾക്ക്​ പുതിയ ഓർമകൾ നൽകാനുള്ള ഇടമായി വീടിനെ മാറ്റാനാണ്​ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 2018ൽ ശ്രീദേവി മരിക്കുന്നതുവരെ ഈ വീട്ടിൽ കുടുംബം സ്ഥിരമായി എത്തുമായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു.

ലോ സാൾട്ട്​ ഡയറ്റിലെ അപകടം

ശ്രീദേവിയുടെ ജീവൻ അപകടത്തിലാക്കുന്നതിലേക്ക് നയിച്ചത് അവരുടെ അശാസ്ത്രീയമായ ജീവിതരീതികളാണെന്നാണ്​ ബോണി കപൂർ പറയുന്നത്. സത്യത്തില്‍ ഡയറ്റ് പാലിക്കുന്നത് ഒരു വ്യക്തിയെ ഈ വിധം ബാധിക്കുമോ എന്ന സംശയം പലർക്കും ഉണ്ടാകും. അശാസ്ത്രീയമായ രീതിയിലാണ് ഡയറ്റ് പാലിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും ജീവന് ഭീഷണിയാകുമെന്നതാണ് ഇതിനുള്ള ഉത്തരം.

പ്രത്യേകിച്ച് 'ലോ സാള്‍ട്ട്' ഡയറ്റെല്ലാം എടുക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ഡോക്ടറുമായി സംസാരിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ആരോഗ്യനിലയും ശരീരപ്രകൃതിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഡയറ്റിലേക്ക് പോകുമ്പോള്‍ അത് തങ്ങള്‍ക്ക് യോജിക്കുന്നതാണോ, ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്.

'ലോ സാള്‍ട്ട്' ഡയറ്റിലേക്ക് വരുമ്പോള്‍ ഉപ്പ് ആണ് കാര്യമായി കുറയ്ക്കുന്നത്. ഉപ്പ് അമിതമാകുന്നത് ശരീരത്തിന് ദോഷമാണ് എന്ന് പറയുന്നത് പോലെ തന്നെ ഉപ്പ് ക്രമാതീതമായി കുറയുന്നതും ശരീരത്തിന് അപകടമാണ്. ബിപി (രക്തസമ്മര്‍ദ്ദം) കുറയുന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന പ്രശ്നം. അതുപോലെ നിര്‍ജലീകരണം (ശരീത്തില്‍ ജലാംശം നില്‍ക്കാത്ത അവസ്ഥ), സോഡിയം കുറയുന്നത് മൂലമുള്ള മറ്റ് പ്രശ്നങ്ങള്‍, രക്തത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ 'ലോ സാള്‍ട്ട്' ഡയറ്റ് സൃഷ്ടിക്കാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം വരെ അവതാളത്തിലാകാം ഇതുമൂലം.

തളര്‍ച്ച, തലകറക്കം, ഓക്കാനം, അസ്വസ്ഥത, മുൻകോപം, പേശികളില്‍ ബലക്കുറവ്, തലവേദന, ചിന്തകളില്‍ അവ്യക്തത എന്നിങ്ങനെ നിത്യജീവിതത്തെ പ്രശ്നത്തിലാക്കുന്ന ഒരുപിടി ആരോഗ്യപ്രശ്നങ്ങളും ഈ ഡയറ്റിനെ തുടര്‍ന്ന് സംഭവിക്കാം.

Tags:    
News Summary - Boney Kapoor fondly reflects on revamping Sridevi's Chennai home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.