ജിന്റോ

ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

ആലപ്പുഴ:ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു. അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ജിന്റോയ്ക്കു പുറമേ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കും, ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ സൗമ്യ എന്നിവർക്കും എക്സൈസ് നോട്ടീസ് അയച്ചിരുന്നു.

തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിൻ്റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ഇത് എന്തിന് വേണ്ടിയാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ പ്രതികൾ പൂർണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്. എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെക്കുറിച്ചും സുൽത്താൻ അക്ബർ അലിയുടെ രാജ്യന്തര സ്വർണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.

Tags:    
News Summary - bigg boss fame jinto got excise notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.