വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ 'അമ്മ'യിൽ നിന്ന് പിന്മാറുന്നു; എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ -ബാബുരാജ്

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തെരഞ്ഞടുപ്പിൽ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച ബാബുരാജ് പിൻമാറിയിരുന്നു. ബാബുരാജ് മത്സരിക്കരുതെന്നും ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടതെന്നും നടി മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയിലെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിൻമാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബാബുരാജ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്ന് ബാബുരാജ് പറഞ്ഞു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടന കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ തനിക്ക് പ്രയാസകരമാണ്. തന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നു ജനാധിപത്യപരമായ രീതിയെന്നും ബാബുരാജ് കുറിച്ചു.

ബാബുരാജിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം

ബഹുമാനപ്പെട്ടവരെ,

വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.

കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എന്‍റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിന്‍റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എന്‍റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.

സ്നേഹത്തോടെ,

ബാബുരാജ് ജേക്കബ് 

Tags:    
News Summary - Baburaj fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.