രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലിയും, പുഷ്പ 2 വിന്‍റെ ഗംഭീര വിജയത്തിനുശേഷം ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ക്ക് തുടക്കം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്‍റെ പ്രാരംഭ ജോലികള്‍ക്കായി അറ്റ്‍ലി ഹൈദരാബാദിൽ എത്തിച്ചേർന്നിരിക്കുകയാണ്. എയർപോർട്ടിൽ നിന്നുള്ള അറ്റ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. അല്ലു അർജുന്‍റെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നത്.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിനായി വി.എഫ്.എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്സ് സ്റ്റുഡിയോസ് ആണ്. ലോല വി.എഫ്.എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്.എക്സ്, ഐ.എൽ.എം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വി.എഫ്.എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.
അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പി.ആർ.ഒ ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.