ആര്യന്​ ജാമ്യം; ഷാരൂഖ്​ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചേക്കും

മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായി മൂന്നാഴ്ച ജയിലിൽ കഴിഞ്ഞ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ശനിയാഴ്ച ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. നടന്‍റെ വസതിയായ മന്നത്തിന്​ പുറത്ത്​ തടിച്ചുകൂടിയ ആരാധകർ വൻവരവേൽപാണ്​ താരപുത്രന്​ ഒരുക്കിയത്​. ആര്യൻ ജയിൽ മോചിതനായതോടെ ഷാരൂഖു​ം കുടുംബവും സന്തോഷത്തിലായി. മകൻ കുടുംബത്തിൽ തിരിച്ചെത്തിയതിന്​ പിന്നാലെ ഷാരൂഖ് അടുത്ത്​ തന്നെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചേക്കുമെന്നാണ്​ റിപ്പോർട്ടു​കൾ.

'മകൻ ആര്യൻ ഖാൻ ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായതിന്‍റെ നന്ദി സൂചകമായി ഷാരൂഖ്​ ഉടൻ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയേക്കും. ഗണപതി ബപ്പയോട്​ അദ്ദേഹം നന്ദി പ്രകടിപ്പിക്കുന്ന രീതിയാണിത്' -കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ ദേശീയ മാധ്യമത്തോട്​ വെളിപ്പെടുത്തി. എല്ലാ വർഷവും ഷാ​രൂഖ്​ കുടുംബത്തോടൊപ്പം വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട്​. മന്നത്തിൽ ഗണപതി വിഗ്രഹം സൂക്ഷിക്കുന്നുണ്ടെന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു​​.

ഈ വർഷവു​ം ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന്​ ഷാരൂഖ് ആശംസകള്‍ നേർന്നിരുന്നു. 'അടുത്ത വര്‍ഷം വീണ്ടും കാണും വരെ ഗണപതിയുടെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കട്ടെ. ഗണപതി ബപ്പ മോറിയ!' -ഗണപതിയുടെ ചിത്രം പങ്കുവച്ചുക്കൊണ്ട്​ ഷാരൂഖ്​ ട്വീറ്റ് ചെയ്തിരുന്നു.

ആഡംബരക്കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാനും മറ്റൊരു സുഹൃത്തായ അർബാസ് മർച്ചന്‍റും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ മുൺമുൺ ധമേച്ച ഞായറാഴ്ച പുറത്തിറങ്ങിയേക്കും. മൂവർക്കും ബോംബെ ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയാക്കാൻ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണമായത്.

ആര്യൻ ഖാനും അർബാസ് മർച്ചന്‍റും ഇന്നലെയാണ് ജയിൽ മോചിതരായത്. ആർതർ റോഡ് ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞത്. ബൈക്കുള വനിതാ ജയിലിലാണ് മുൺമുൺ ധമേച്ചയുണ്ടായിരുന്നത്. റിലീസ് ഓർഡർ ശനിയാഴ്ച വൈകീട്ടോടെയാണ് ജയിലിലെത്തിയത്.

14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യനും സുഹൃത്തുക്കൾക്കും​ ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫിസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്​. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്​. ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.

അ​റ​സ്​​റ്റി​ലാ​യി 26 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷമാണ് മൂവർക്കും ജാമ്യം ലഭിച്ചത്. കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ 20 പേരെയാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Aryan back to mannat Shah Rukh Khan may offer prayers at Siddhivinayak Temple soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.