ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. റമദാൻ വ്രതം മൂലം ശരീരത്തിൽ നിർജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ അപ്പോളോ ആശുപത്രി പുറത്തുവിട്ടിട്ടുണ്ട്.
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് റഹ്മാൻ ആശുപത്രിയിൽ പരിശോധനക്ക് പോയത്. പതിവ് പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. നേരത്തെ നെഞ്ച് വേദനയെ തുടർന്നാണ് റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആൻജിയോഗ്രാം ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.
റഹ്മാന്‍റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുമായി സംസാരിച്ചിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിനു കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചെന്നും വൈകാതെ വീട്ടിലേക്ക് മടങ്ങുമെന്നും സ്റാറലിൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. ഓസ്കർ ജേതാവ് കൂടിയായ റഹ്മാൻ നിലവിൽ ‘ലാഹോർ 1947’, ‘തഗ് ലൈഫ്’, തേരെ ഇഷ്ക് മേം’ തുടങ്ങിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്.
കഴിഞ്ഞ ആഴ്ചയാണ് എ.ആർ റഹ്മാന്റെ മുൻ ഭാര്യ സൈറ ബാനുവിനെ മെഡിക്കൽ എമർജൻസി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കേണ്ടി വന്നു. അവരുടെ അഭിഭാഷക വന്ദന ഷായാണ് ഇതു സംബന്ധിച്ച വാർത്ത പങ്കുവെച്ചത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം കഴിഞ്ഞ നവംബർ 19നാണ് സൈറ ബാനുവും എ.ആർ. റഹ്മാനും വേർപിരിഞ്ഞത്.
ഇതിനിടെ, വേറിട്ടു കഴിയുന്ന റഹ്മാന്റെ പത്നി സൈറ ബാനു, ഭർത്താവ് സുഖമായി ഇരിക്കുന്നുവെന്ന് പറഞ്ഞ് ഓഡിയോ സന്ദേശം പുറത്തുവിട്ടു. ‘‘അസ്സലാമു അലൈക്കും, അദ്ദേഹത്തിന് രോഗശാന്തി നേരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആൻജിയോഗ്രാം ചെയ്തതിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹം സുഖമായിരിക്കുന്നു.
മറ്റൊരു കാര്യം എനിക്ക് ഓർമിപ്പിക്കാനുള്ളത്, ഞങ്ങൾ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ല എന്നാണ്. ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണ്. രണ്ടു വർഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലും അദ്ദേഹത്തിന് അമിത സമ്മർദം നൽകേണ്ട എന്നു കരുതിയതിനാലും വേറെ താമസിക്കുകയാണ്. അദ്ദേഹത്തിനു വേണ്ടി എന്നുമെന്റെ പ്രാർഥനയുണ്ടാകും. അതുകൊണ്ട് ആരുമെന്നെ റഹ്മാന്റെ മുൻ ഭാര്യ എന്നു വിളിക്കരുത്. അദ്ദേഹത്തിന്റെ കുടുംബത്തോടും എനിക്ക് പറയാനുള്ളത് അദ്ദേഹത്തിന് അമിത സമ്മർദം ഏൽപിക്കരുത് എന്നാണ്. നന്ദി, അല്ലാ ഹാഫിസ്’’ -സൈറ ബാനു പറയുന്നു.
പിതാവ് സുഖമായിരിക്കുന്നതായി റഹ്മാന്റെ മകൻ അമീനും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്റ്റാലിനും എക്സ് പേജിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.