തനിക്കെതിരെ നടക്കുന്ന സംഘടിത ഓൺലൈൻ കാമ്പയിനെതിരെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി നടി അനുപമ പരമേശ്വരൻ. മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുന്നതിനും തന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പേരിൽ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി നിരവധി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. തുടക്കത്തിൽ ഒരു സാധാരണ ട്രോളിങ് പോലെ തോന്നിയത് പിന്നീട് അപമാനിക്കാനുള്ള സംഘടിത ശ്രമമായി മാറിയെന്ന് അനുപമ പറഞ്ഞു.
'കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയിൽപ്പെട്ടു' -ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അനുപമ എഴുതി. പോസ്റ്റുകളിൽ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓൺലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇത് ശ്രദ്ധിക്കുന്നതെന്നും അപ്പോൾ തന്നെ സൈബർ പൊലീസിൽ പരാതി നൽകിയതായി താരം വ്യക്തമാക്കി. അന്വേഷിച്ചപ്പോൾ ഒരാൾ തന്നെ പല അക്കൗണ്ടുകളിടെ തനിക്കെതിരായ പ്രചരണം നടത്തിയതായി കണ്ടെത്തിയെന്ന് അനുപമ പറഞ്ഞു. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉള്ളടക്കത്തിന്റെ ഉത്ഭവം തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള യുവതിയാണെന്ന് കണ്ടെത്തി.
യുവതി നിരവധി വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ സൃഷ്ടിച്ച് നടിക്കെതിരായ ഉള്ളടക്കം പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. അനുപമ ഇവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. 20 വയസ്സുള്ള പെൺകുട്ടിയാണെന്ന് ഇതിന് പിന്നിലെന്നും അവരുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി നടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.