അനുപം ഖേറിനൊപ്പം സായ് പല്ലവി
നടി സായ് പല്ലവിയെക്കുറിച്ച് മുതിർന്ന നടൻ അനുപം ഖേർ പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സായ് പല്ലവിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച അദ്ദേഹം ഇതൊരു പ്രത്യേക കൂടിക്കാഴ്ച ആയിരുന്നുവെന്ന് വിശേഷിപ്പിക്കുകയും നടിയുടെ വരാനിരിക്കുന്ന സിനിമകൾക്ക് ആശംസകൾ നേരുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം സെൽഫി പങ്കുവെച്ചത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെയാണ് ഈ കൂടിക്കാഴ്ച.
“ഒരു പ്രത്യേക കണ്ടുമുട്ടല്‍. ഗോവ ചലച്ചിത്രമേളയില്‍ വച്ച് സുന്ദരിയായ സായ് പല്ലവിയെ കണ്ടുമുട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. ചെറിയ കൂടിക്കാഴ്ചയിൽ നിന്നു തന്നെ സായ് പല്ലവി റിയലായ സ്‌നേഹവും വിനയവുമുള്ള ഒരാളാണെന്ന് മനസിലായി. അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് എനിക്കറിയാം. അവരുടെ വരാനിരിക്കുന്ന എല്ലാ സിനിമകൾക്കും എല്ലാവിധ ആശംസകളും. ജയ് ഹോ” എന്നാണ് അനുപം ഖേർ ഇൻസ്റ്റയിൽ കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
സായ് പല്ലവി നായികയായ ‘അമരന്‍’ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു ‘അമരന്‍’. അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള 15 ചിത്രങ്ങളില്‍ ഒന്നാണ് 'അമരന്‍'. ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് അമരൻ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തിയിരിക്കുന്നത്. ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്.
അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്‍വി ദ് ഗ്രേറ്റ്’ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഓട്ടിസം ബാധിച്ച 'തൻവി' എന്ന പെൺകുട്ടിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സിയാച്ചിൻ ഗ്ലേസിയറിൽ വെച്ച് ഇന്ത്യൻ പതാകയെ സല്യൂട്ട് ചെയ്യുക എന്നത് തൻവിയുടെ മരിച്ചുപോയ അച്ഛന്റെ (ഒരു സൈനികൻ) വലിയ ആഗ്രഹമായിരുന്നു. അച്ഛന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാനായി, ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ച് അവൾ നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.