ജീവിതത്തിൽ നേരിടേണ്ടിവരുന്ന വിവിധങ്ങളായ വെല്ലുവിളികളുമായി ബന്ധപ്പെട്ട വാൾ സ്ട്രീറ്റ് ജേണലിന്റെ അഭിമുഖത്തിലെ ചോദ്യത്തിന് ജോളിയുടെ മറുപടി ഇങ്ങനെ: ‘വെല്ലുവിളിയോ, ആദ്യം വേണ്ടത് അതിലേക്ക് ഇറങ്ങിനിൽക്കുക എന്നതുതന്നെയാണ്. അത് അനുഭവിക്കുക, അതിൽ മുഴുകുക. അല്ലാതെ ആ വെല്ലുവിളികളെ അവഗണിക്കുകയല്ല വേണ്ടത്. അതിലേക്കുതന്നെ മുഴുകണം. പൂർണമായും അത് അനുഭവിച്ചുകൊണ്ട്, അതിന്റെ മറുകരയിലെത്തുക, ശേഷം അതിൽനിന്ന് പുറത്തുകടക്കുക. വെല്ലുവിളികളിൽ പലതിനും അതല്ലാതെ പരിഹാരമുണ്ടാകില്ല. നിങ്ങൾക്കുമതറിയാം.’ -ആഞ്ജലീന ജോളി പറയുന്നു.
ഇന്നത്തെ യുവതലമുറ ഒട്ടേറെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നും ആഞ്ജലീനയുടെ വാക്കുകളിൽനിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ആദിത്യ ബിർല എജുക്കേഷൻ ട്രസ്റ്റിലെ മനഃശാസ്ത്ര വിദഗ്ധ റീത് പട്ടേൽ അഭിപ്രായപ്പെടുന്നു.
‘യുവതലമുറയിൽ മൂന്നിൽ രണ്ടുപേർക്കെങ്കിലും ഏതെങ്കിലും രൂപത്തിലുള്ള മാനസിക സംഘർഷം നേരിടേണ്ടിവരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. സമൂഹമാധ്യമ സംഘർഷം, പഠനസമ്മർദം തുടങ്ങി ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങൾവരെ അവരെ ബാധിക്കുന്നു. ഇതവരെ ആധിയിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്നു’ -റീത് പട്ടേൽ പറയുന്നു. ഇത്തരമൊരു സമൂഹത്തിന് ആഞ്ജലീന ജോളി മുന്നോട്ടുവെക്കുന്ന പോലുള്ള സമീപനം ഗുണം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
‘ജീവിത വെല്ലുവിളികൾ അവഗണിക്കുമ്പോൾ താൽക്കാലികമായി അവയെ മറക്കാൻ സഹായിക്കുമെങ്കിലും അൽപം കഴിഞ്ഞ് അവ കൺമുന്നിൽ എത്തിനിൽക്കുമ്പോൾ നേരിടാൻ കഴിയാതെ മാനസിക സമ്മർദം നിങ്ങളെ മൂടും. ബുദ്ധിമുട്ടേറിയ വൈകാരികതകൾ സ്വയം അടിച്ചമർത്താൻ നോക്കുമ്പോൾ അത് മാനസിക രോഗങ്ങളായി പരിണമിക്കും. ‘ഫീൽ ഇറ്റ്’ എന്ന ജോളിയുടെ ഉപദേശം അനുവർത്തിക്കുന്നവർക്ക് അതൊരു ചികിത്സപോലെ അനുഭവപ്പെടും. അതുണ്ടാക്കുന്ന ആഘാതത്തെ നിയന്ത്രിക്കാൻ സാധിക്കും’ -പട്ടേൽ പറയുന്നു.
വൈകാരിക നിയന്ത്രണത്തിനൊപ്പം, വെല്ലുവിളികളുമായി ഇഴുകിച്ചേരാൻ (അഡാപ്റ്റീവ് കോപ്പിങ് മെക്കനിസം) ‘ഫീൽ ഇറ്റ്’ സമീപനം സഹായിക്കും. ‘വെല്ലുവിളികളിൽ പൂർണമായി മുഴുകുമ്പോൾ, പ്രതികൂല സാഹചര്യങ്ങളെ നയിക്കുന്നത് എങ്ങനെയെന്ന് പഠിക്കും. അതിജീവന മനസ്സ് വളർത്തിയെടുക്കുന്നത് ദീർഘകാല മാനസികാരോഗ്യത്തിന് പ്രയോജനം ചെയ്യും’ -അവർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.