'അവർ സുഹൃത്തുക്കളെപ്പോലെ; ഒരു പെൺകുട്ടിയുടെ അച്ഛനാകാൻ രൺബീർ ആഗ്രഹിച്ചിരുന്നു' -ആലിയ

മകൾ ജനിച്ചതിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് ആലിയ ഭട്ട് സംസാരിക്കാറുണ്ട്. റാഹയുടെ ജനനത്തിനുശേഷം രൺബീറിൽ കണ്ട മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അവർ. രൺബീർ 'ഒരു പെൺകുട്ടിയുടെ അച്ഛനാകാൻ ശരിക്കും ആഗ്രഹിച്ചിരുന്നു' എന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ ആലിയ വെളിപ്പെടുത്തി.

"രൺബീർ റാഹയെ നോക്കുമ്പോൾ കണ്ണുകളിൽ തിളക്കമുണ്ടാകുന്നത് കാണാം. തീർച്ചയായും, ഏതൊരു മാതാപിതാക്കൾക്കും അങ്ങനെ തന്നെയാകും. പക്ഷേ, രൺബീറിനെ മുന്നേ അറിയുന്നത് കൊണ്ട് അത് കാണുമ്പോൾ വ്യത്യാസം മനസ്സിലാകും. അച്ഛൻ ആയതിന് ശേഷം അദ്ദേഹം ആളുകളോട് പെരുമാറുന്ന രീതിയിൽ വ്യത്യാസമുണ്ട്. അദ്ദേഹം അത്രക്ക് സംതൃപ്തനാണ്. ഒരിക്കലും രോഷാകുലനല്ല. എപ്പോഴും വളരെ ശാന്തമായ പെരുമാറ്റമാണ്. അവരുടെ സംഭാഷണങ്ങൾ ശരിക്കും മനോഹരമാണ്" ആലിയ പറഞ്ഞു.

റാഹയെ രസിപ്പിക്കുന്ന കാര്യത്തിൽ രൺബീർ വളരെ ശ്രദ്ധാലുവാണ്. അവർ രണ്ടുപേർക്കുമിടയിൽ സവിശേഷമായൊരു സൗഹൃദം ഉള്ളതുപോലെ തോന്നും. അവർ സുഹൃത്തുക്കളെപ്പോലെയാണെന്ന് താൻ പറയാറുണ്ടെന്നും ആലിയ പറഞ്ഞു. രൺബീറും റാഹയും ഒരുമിച്ചുള്ള നിമിഷങ്ങൾ 'രഹസ്യമായി' പകർത്താറുണ്ടെന്നും ആലിയ പറയുന്നു.

മകൾ റാഹയുമൊത്തുള്ള ആലിയയുടെയും രൺബീറിന്‍റെയും ചിത്രങ്ങൾക്കും വിഡിയോകൾക്കും ആരാധകരേറെയാണ്. റാഹയുടെ എല്ലാ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ, മകൾ റാഹയുടെ മുഖം ഇനി സമൂഹ മാധ്യമങ്ങളിൽ കാണിക്കേണ്ടെന്ന് ആലിയ തീരുമാനിച്ചിരുന്നു. റാഹയുടെ മുഖം വെളിപ്പെടുത്താത്ത ചിത്രങ്ങൾ ഒഴികെ, ഇൻസ്റ്റാഗ്രാമിൽ ഇതുവരെ പോസ്റ്റ് ചെയ്ത എല്ലാ ചിത്രങ്ങളും ആലിയ നീക്കം ചെയ്തു

Tags:    
News Summary - Alia Bhatt says daughter Raha’s birth transformed Ranbir Kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.