എന്റെ അച്ഛൻ സംഘിയല്ല, അങ്ങനെയെങ്കിൽ 'ലാൽ സലാം' ചിത്രം ചെയ്യില്ലായിരുന്നു -ഐശ്വര്യ രജനികാന്ത്

സോഷ്യൽ മീഡിയയിൽ പിതാവ് രജനികാന്തിനെതിരെ ഉയരുന്ന വിമർശനത്തിൽ ഏറെ ദുഃഖമുണ്ടെന്ന് മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. തന്റെ അച്ഛൻ സംഘിയല്ലെന്നും, അങ്ങനെയൊരാളിന് ലാൽ സലാം പോലൊരു സിനിമ ചെയ്യാൻ സാധിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു. ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവെ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്ന ആളാണ് താനെന്നും എന്നാൽ ചില പോസ്റ്റുകൾ കാണുമ്പോൾ ദേഷ്യം വരുമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. തങ്ങളും മനുഷ്യരാണെന്ന് ഓർമപ്പെടുത്തി.

'പൊതുവെ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണ് ഞാൻ. പക്ഷെ എന്റെ ടീം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എന്നെ അറിയിക്കാറുണ്ട്. കൂടാതെ ചില പോസ്റ്റുകൾ കാണിച്ചും തരും. അതു കാണുമ്പോൾ ദേഷ്യം വരും. കാരണം ഞങ്ങളും മനുഷ്യരാണ്.

ഈ അടുത്ത കാലത്ത് എന്റെ അച്ഛനെ പലരും സംഘി എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിനെക്കുറിച്ച് ഞാൻ ഒരാളോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അവർ പറഞ്ഞു. ഈ അവസരത്തിൽ ഞാൻ ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ ലാൽ സലാം പോലൊരു ചിത്രം അദ്ദേഹം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ള ആൾക്ക് മാത്രമേ ഈ ചിത്രം ചെയ്യാനാകൂ'-ഐശ്വര്യ രജനികാന്ത് പറഞ്ഞു.

ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ലാൽ സലാം'. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. വിഷ്ണു വിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനി എത്തുന്നത്. 'മൊയ്ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Aishwarya says dad Rajinikanth 'wouldn't have done' 'Lal Salaam' if he was Sanghi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.