ശരത്ചന്ദ്ര ചതോപാധ്യായയുടെ വിഖ്യാതമായ ബംഗാളി നോവലാണ് ദേവ്ദാസ്. 1917 ജൂൺ 30-നാണ് 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവൽ പ്രസിദ്ധീകൃതമായത്. നോവലിനെ അവലംബിച്ച്, ഇതേ പേരിൽ നിരവധി ചലച്ചിത്രങ്ങൾ വിവിധ കാലയളവുകളിൽ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും 2002ൽ ഇറങ്ങിയ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദേവദാസാണ് ഏറെ ശ്രദ്ധ നേടിയത്. മെഗാ ബോളിവുഡിന്റെ ബാനറിൽ ഭരത് ഷാ നിർമിച്ച ചിത്രത്തിൽ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരോടൊപ്പം കിരൺ ഖേർ, സ്മിത ജയ്‌കർ, വിജയേന്ദ്ര ഘാട്ട്‌ഗെ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ദേവദാസിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലെ ഐശ്വര്യ റായിയുടെ ശ്രദ്ധേയമായ ലുക്ക്. സംവിധായകൻ സഞ്ജയ് ലീല ബൻസാലി പെട്ടെന്ന് ഒരു മാറ്റം നിർദേശിച്ചപ്പോൾ ഒറ്റരാത്രികൊണ്ടാണ് ആ ലുക്ക് സൃഷ്ടിച്ചതെന്ന് നീത ലുല്ല. 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നീത ഇന്ത്യൻ കോസ്റ്റ്യൂം ഡിസൈനറും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. ദേവദാസിൽ സഞ്ജയ് ലീല ബൻസാലിക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും ഐശ്വര്യ റായിയുടെ നീളമുള്ള സാരിയെ കുറിച്ചും നീത ലുല്ല സംസാരിക്കുകയാണ്.
ആ ലുക്ക് സൃഷ്ടിക്കാൻ എനിക്ക് ഒരു രാത്രി മാത്രമേ കിട്ടിയിരുന്നുള്ളൂ. ചിത്രത്തിൽ മുഴുവൻ 12–14 മീറ്റർ നീളമുള്ള സാരികൾ ഉപയോഗിച്ചിരുന്നു. സെറ്റ് മുഴുവൻ നിർമിക്കാൻ രണ്ടോ മൂന്നോ സാരികൾ മുറിച്ചെടുത്തു. അവസാന രംഗത്തിനായി, സഞ്ജയ്ക്ക് ഒരു കോട്ടൺ പൂജ സാരി ആവശ്യമായിരുന്നു. ഞങ്ങളുടെ കൈവശം സാരി ഉണ്ടായിരുന്നു. എല്ലാം തയ്യാറായിരുന്നു. ആ നിമിഷം, സാരിയുടെ പല്ലുവിന് തീ പിടിച്ചു. ഞങ്ങൾ ആകെ ആശയക്കുഴപ്പത്തിലായി. ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി ഫോൺ വിളിക്കാൻ തുടങ്ങി. എന്റെ തുണി വിൽപ്പനക്കാരിൽ ഒരാളെ വിളിച്ച് രാത്രി 11 മണിക്ക് കട തുറക്കാൻ പറഞ്ഞു. അതിനിടയിൽ, എന്റെ എംബ്രോയിഡറി ടീമിനോട് ബോർഡറുകളിലും മറ്റും ജോലി ആരംഭിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം രാവിലെ 8.30 ഓടെ, 13 മീറ്റർ നീളമുള്ള രണ്ട് സാരികൾ സെറ്റിൽ തയ്യാറായി വെച്ചിരുന്നു നീത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.