‘ഒരു മതമേയുള്ളൂ, അത് സ്നേഹത്തിന്‍റെ മതം’; മോദി പങ്കെടുത്ത ചടങ്ങിൽ മനുഷ്യത്വത്തെയും സ്നേഹത്തെയും വാഴ്ത്തി ഐശ്വര്യ റായ്, വൈറലായി പ്രസംഗം...

‘ഒരു ജാതി മാത്രമേയുള്ളൂ, അത് മനുഷ്യത്വത്തിന്റെ ജാതിയാണ്. ‘ഒരു മതമേയുള്ളൂ, അത് സ്നേഹത്തിന്റെ മതമാണ്. ഒരു ഭാഷയേയുള്ളൂ..അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരു ദൈവമേയുള്ളൂ, അദ്ദേഹം സർവവ്യാപിയാണ്..​’. വെറുപ്പിന്റെ വിത്തുകൾ പാകി വിദ്വേഷം വിളവെടുക്കുന്ന കാലത്ത് ‘ഐശ്വര്യ’പൂർണമായിരുന്നു ആ വാക്കുകൾ. വെള്ളിത്തിരയിൽ അഭിനയകലയുടെ സൗന്ദര്യസങ്കൽപമായ ഐശ്വര്യ റായ് ബച്ചനാണ് സ്നേഹവായ്പിലൂന്നിയ വാക്കുകളാൽ രാജ്യം ശ്രദ്ധിച്ച സുന്ദരഭാഷണം തീർത്തത്. സത്യ സായിബാബയുടെ ജന്മശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിൽ സാക്ഷി നിർത്തിയാണ് സ്നേഹത്തെയും മനുഷ്യ​ത്വത്തെയും വാഴ്ത്തിയ ഐശ്വര്യയുടെ ശക്തിമത്തായ വാക്കുകൾ.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിലാണ് ജാതിയെയും മതത്തെയും കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് ഐശ്വര്യ റായ് പങ്കുവെച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഐശ്വര്യ നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

സായിബാബ തന്റെ അനുയായികളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷവും ആ സ്വാധീനം എല്ലാവരിലും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു. ഈ അവസരത്തിൽ, തന്റെ ഹൃദയം ആഴമായ ഭക്തിയും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും നടി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തതിന് പ്രധാനമന്ത്രിയോട് താരം നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകളെ കരഘോഷത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. ഐശ്വര്യക്കും നരേന്ദ്രമോദിക്കും പുറമേ, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ, കേന്ദ്രമന്ത്രിമാരായ റാം മോഹൻ നായിഡു കിഞ്ചരപു, ജി. കിഷൻ റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം, തങ്ങളുടെ വ്യക്തിത്വങ്ങൾ ദുരുപയോഗം ചെയ്യുന്ന എ.ഐ വിഡിയോകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യൂട്യൂബിനെതിരെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കോടതിയെ സമീപിച്ചിരുന്നു. മറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളിലും അത്തരം ഉള്ളടക്കം പരിശീലിപ്പിക്കുന്നത് തടയുന്നതിനുള്ള സുരക്ഷ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫേക്ക് വിഡിയോകൾ നീക്കം ചെയ്യണമെന്നും, ഇത്തരം ഉള്ളടക്കം ഭാവിയിൽ ഉണ്ടാകുന്നത് തടയണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.  

Tags:    
News Summary - Aishwarya Rai Shares Strong Message On Caste And Religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.