ബിഗ് എമ്മുകൾക്കുശേഷം മോളിവുഡ് അടക്കിഭരിക്കുമോ 'ഫഫ'? 40ാം പിറന്നാൾ നിറവിൽ ഫഹദ് ഫാസിൽ

പ്രിയപ്പെട്ടവർ 'ഫഫ'എന്ന് ചുരുക്കിവിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാളാണ്. 40 എന്ന വെളിപാടിന്റെ പ്രായത്തിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ഈ നടൻ ഇന്ത്യയിലെ സിനിമാസ്വാദകർക്ക് നൽകുന്നത്. കേരളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ നടൻ എന്ന ഖ്യാതി ഫഹദ് ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. സമകാലീന നടന്മാരെപ്പോലെ വലിയ പ്ലാനും പദ്ധതിയും ഒന്നുമില്ലാതയാണ് ഫഹദ് ഫാസിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായത്. അതിൽ അദ്ദേഹത്തെ സഹായിച്ചത് താൻ മലയാളത്തിൽ ചെയ്ത സിനിമകളും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി ഫഹദ് സിനിമകൾ നിരൂപകരെ അദ്ഭുതപ്പെടുത്തി മുന്നേറിയപ്പോൾ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കും ഈ നടൻ സ്വാഭാവികമായി ക്ഷണിക്കപ്പെടുകയായിരുന്നു.

ബിഗ് എമ്മുകളുടെ പിൻഗാമി

മലയാളം രണ്ട് മഹാനടന്മാരുടെ വഴിയേ ചാലിട്ടൊഴുകാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മലയാളി പ്രേക്ഷകർ അവരെ സ്​നേഹത്തോടെ ബിഗ് എമ്മുകൾ എന്ന് വിളിച്ചു. മമ്മൂട്ടി, മോഹൻലാൽ എന്നീ താരരാജാക്കന്മാർക്കുശേഷം ആര് മലയാള സിനിമ ഭരിക്കും എന്നതിനുള്ള ഏക ഉത്തരമായി ഫഹദ് ഫാസിൽ മാറിയിട്ട് ഏറെക്കാലമായി. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 50ലധികം ചിത്രങ്ങൾ പുർത്തിയാക്കിയ ഫഹദ് ഫാസിൽ നായക സങ്കൽപ്പങ്ങളെ ആകെ അട്ടിമറിച്ച നടനാണ്. മലയാള സിനിമക്ക് മാത്രമല്ല ദക്ഷിണേന്ത്യയിലെ ഇതര ഭാഷാ സിനിമകൾക്കും ആസ്വാദകർക്കുംപോലും ഫഹദ് ബഹുമുഖതയുടെ പര്യായമാണ്.



2017ൽ ഇർഫാൻ ഖാൻ പറഞ്ഞത് 'അഭിനേതാക്കൾ നായകന്മാരല്ല' എന്നാണ്. താൻ (സ്‌ക്രീനിൽ) ചെയ്യുന്നതെന്തും, അത് പ്രത്യേകമല്ലെന്നും ആർക്കും ആ വ്യക്തിയാകാമെന്ന് പ്രേക്ഷകരെ അറിയിക്കുക എന്നതാണ് തന്റെ ശ്രമമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫഹദിനേയും നമുക്ക് ഇത്തരത്തിലുള്ള നടനായി കാണാവുന്നതാണ്. തന്നെ ഏ​റെ സ്വാധീനിച്ച നടൻ ഇർഫാനാണ് എന്ന് ഫഹദ് പലതവണ പറഞ്ഞിട്ടുമുണ്ട്. ഒരു നടൻ യാഥാർഥ്യത്തോട് അനുതാപമുള്ളവനായിരിക്കണമെന്നും അവനവന്റെ സഹജവാസനയിൽ വിശ്വസിക്കണമെന്നുമാണ് ഫഹദി​ന്റെ പക്ഷം. ഒരുപക്ഷെ, പുതിയ കാലത്തെ മലയാള സിനിമയുടെ പോസ്റ്റർ ബോയ് ആകാനുള്ള വഴിയൊരുക്കാൻ അത് അദ്ദേഹത്തെ സഹായിച്ചിട്ടു​െണ്ടന്നുവേണം കരുതാൻ.

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആർട്ടിസ്‌റ്റ് (2013) എന്ന ചിത്രത്തിലെ അന്ധനായ കലാകാരനായാലും, കുമ്പളങ്ങി നൈറ്റ്‌സിലെ (2019) ഷമ്മിയായാലും, 22 ഫീമെയിൽ കോട്ടയത്തിലെ (2012) സിറിലായാലും, ഫഹദ് തന്റെ വേഷങ്ങളെ സൂക്ഷ്മതയോടെയും ആധികാരികതയോടെയും അവതരിപ്പിച്ചു. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ സാധാരണമനുഷ്യരെപ്പോലെ സങ്കീർണ്ണതകൾകൊണ്ട് ഇടകലർന്നിരിക്കുന്നു. പരമ്പരാഗതമായി 'ഹീറോകൾ' വഹിക്കാത്ത സ്വഭാവസവിശേഷതകൾ ഫഹദ് കഥാപാത്രങ്ങളിൽ കാണാനാകും.



ഫഹദിന്റെ കണ്ണുകൾക്ക് മാത്രമായി പ്രത്യേക ആരാധകവൃന്ദം ഉണ്ടായിവന്നിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും, ഫഹദ് ചെയ്യുന്നതെന്തും, വികാരനിർഭരമായി കണ്ണുകൾ ഉപയോഗിക്കുന്ന രീതിയും തിരക്കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. അന്നയും റസൂലും (2013), സിനിമയുടെ ആദ്യ മണിക്കൂർ അവസാനിക്കുന്നത് വരെ റസൂൽ അന്നയോട് സംസാരിക്കുന്നില്ല. പ്രണയത്തിന്റെയും സംഭാഷണത്തിന്റെയും ഭാഷ കൂടുതലും കണ്ണുകളിലൂടെയാണ് വെളിപ്പെടുന്നത്.



2020 ഏപ്രിലിൽ ഇന്ത്യൻ സിനിമ ഉണർന്നത് നടൻ ഇർഫാൻ ഖാന്റെ വിയോഗ വാർത്ത കേട്ടാണ്. ആയിരങ്ങളുടെ ആദരാഞ്ജലികൾക്കിടയിൽ ഫഹദ് ഫാസിലിന്റെ ഒരു കത്തും ഉണ്ടായിരുന്നു. അന്തരിച്ച നടനോട് തന്റെ കരിയറിന് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'തീവ്രതയുള്ള, സ്റ്റൈലിഷായ, ആകർഷകരായ അഭിനേതാക്കളുണ്ട്. സ്‌ക്രീനിൽ ഇത്രയും ഒറിജിനൽ ആയ ഒരു നടനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്'-ഖാന്റെ പ്രകടനം വിവരിച്ച് ഫഹദ് എഴുതുന്നു. തന്റെ വൈവിധ്യമാർന്ന പ്രകടനങ്ങളിൽ ഒരുപക്ഷെ ഇർഫാന്റെ ആത്മാവിനെ ഫഹദ് ആവേശിക്കുന്നുണ്ടാകാം.

Tags:    
News Summary - After Mammootty and Mohanlal, who? Fahadh Faasil is the new poster boy of Malayalam cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.