സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്തോഷ് വര്‍ക്കിയ്ക്കെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് നടി ഉഷ ഹസീന. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകള്‍ വേശ്യകളാണെന്നാണ് ഇയാൾ പറയുന്നത്. 40 വർഷമായി ഈ രംഗത്ത് ജോലി ചെയ്യുന്ന ആളാണ് താനെന്നും തനിക്കും മുമ്പും ശേഷവും ആയിരക്കണക്കിന് സ്ത്രീകൾ ഇപ്പോഴും ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് പറയുന്ന ഇയാൾക്ക് എന്ത് മറുപടിയാണ് നൽകുക. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉഷ ഹസീന ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
'ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാൾ മാനസികരോഗിയാണ് എന്നൊക്കെ. അപ്പോൾ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാൽ, പിറ്റേദിവസം ഇയാൾ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. മാനസികപ്രശ്നമുണ്ടെങ്കിൽ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാൾ നേരെയായാൽ പുറത്തുകൊണ്ടുവരൂ. അല്ലെങ്കിൽ ഇയാൾ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.
ഭ്രാന്താണെന്ത് പറഞ്ഞ് ഇയാൾക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കിൽ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങൾക്ക് അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്നമുണ്ടായാലും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും', ഉഷ പറഞ്ഞു.
നടിമാർക്കെതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.