ന്യൂഡൽഹി: ബോളിവുഡ് നടി ഷർമിള ടാഗോറിന് ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ‘ഇംതിയാസ്-ഇ-ജാമിയ.’ സർവകലാശാലയുടെ 103-ാം സ്ഥാപകദിനത്തിൽ വൈസ് ചാൻസലർ നജ്മ അക്തറാണ് പുരസ്കാരം സമ്മാനിച്ചത്. ഹിന്ദി സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഷർമിള ടാഗോറിന് പുരസ്കാരം.
സർവകലാശാലയിൽ പ്രവേശിച്ചതു മുതൽ താൻ വൈകാരിക നിമിഷത്തിലാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം ഷർമിള ടാഗോർ പറഞ്ഞു. വൈസ് ചാൻസലർ നജ്മ അക്തർ, ഐ.എൽ.ബി.എസ് ഡയറക്ടർ ശിവ് കുമാർ സരിൻ എന്നിവർക്കൊപ്പം സർവകലാശാലയുടെ ശതാബ്ദി ഗേറ്റും ഷർമിള ഉദ്ഘാടനം ചെയ്തു. കേഡറ്റുകളുടെ അകമ്പടിയോടെയാണ് മൂന്ന് പേരും സർവകലാശാലയുടെ പതാക ഉയർത്തിയത്.
ജാമിയ മിലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതിയാണ് ഇംതിയാസ്-ഇ-ജാമിയ. സമൂഹത്തിന്റെ പുരോഗതിക്കായുള്ള ഇന്ത്യക്കാരുടെ സംഭാവനകളാണ് ഇതിൽ പരിഗണിക്കപ്പെടുന്നത്. ചടങ്ങിൽ നിരവധി വിദ്യാർഥികളെയും പ്രഫസർമാരെയും അനുമോദിച്ചു. താൻ എ.ജെ.കെ-മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററുമായി (എം.എസ്.ആർ.സി) ബന്ധപ്പെട്ട് സർവകലാശാലയെ പിന്തുണക്കുമെന്നും അതേ മേഖലയിൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നും ഷർമിള പുരസ്കാര വേളയിൽ പറഞ്ഞു.
വക്ത്, അനുപമ, സഫർ, മൗസം, കശ്മീർ കി കലി, ആംനെ സാംനെ, ആരാധന, സഫർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ഷർമിള അഭിനയിച്ചിട്ടുണ്ട്. 2005 ഡിസംബറിൽ യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി ഷർമിള തെരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തിനു പുറമേ 2006-2011 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (ഇന്ത്യൻ സെൻസർ ബോർഡ്) ചെയർപേഴ്സണായിരുന്നു.
കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി സേവനമനുഷ്ഠിച്ച ഷർമിള 1959ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. സത്യജിത് റായുടെ ഒരുപാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൗമിത്ര ചാറ്റർജി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.